Site iconSite icon Janayugom Online

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച സംഭവത്തില്‍ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായുടെ അറസ്റ്റ് തത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. വിഷയത്തിൽ അന്വേഷണത്തിനായി പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. നാളെ രാത്രി 10 മണിക്ക് മുൻപ് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മധ്യപ്രദേശ് ഡിജിപിയ്ക്ക് സുപ്രീംകോടതി നിർദേശം നൽകി.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും എസ്ഐടിയെ നയിക്കുക. അതിലെ മൂന്ന് അംഗങ്ങളില്‍ ഒരാൾ വനിതാ ഐപിഎസ് ഓഫീസറായിരിക്കണം. അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ആയി എസ്ഐടി കോടതിക്ക് സമർപ്പിക്കണം. വിജയ്ഷാ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. അതേസമയം, മന്ത്രി നടത്തിയ ക്ഷമാപണത്തെ പൂർണമായി സുപ്രീംകോടതി നിരസിക്കുകയാണ് ഉണ്ടായത്. അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണ് ക്ഷമാപണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമ്മതിക്കാൻ വിജയ് ഷാ തയ്യാറായില്ല. ഏതുതരത്തിലുള്ള ക്ഷമാപണമാണ് നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്. പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിങ്ങൾ സംസാരിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കുകളെ കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. സായുധ സേനയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Exit mobile version