Site iconSite icon Janayugom Online

സൗരോര്‍ജ പദ്ധതിയും അഡാനിക്ക്

പാരമ്പര്യേതര ഊര്‍ജോല്പാദനം 2023 ഓടെ 450 ജിഗാവാട്ടായി ഉയര്‍ത്താനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിന്റെയും ഗുണഭോക്താവ് അഡാനി. സൗര വൈദ്യുതോല്പാദനം കുത്തകയാക്കിയ അഡാനിയെ, കരാര്‍ വ്യവസ്ഥകള്‍ പൊളിച്ചടുക്കിയാണ് സര്‍ക്കാര്‍ സഹായിച്ചത്. സൗരോര്‍ജ വൈദ്യുതോല്പാദനത്തിന്റെ കാര്യക്കാരായ സോളാര്‍ പവര്‍ കോര്‍പ്പറേഷനും (എസ്ഇസിഐ) അഡാനിക്ക് വേണ്ടി വ്യവസ്ഥകളില്‍ മാറ്റം വരുത്തി. 

വൈദ്യുതി വിതരണ കരാറിന് 2,700 കോടി കൈക്കൂലി നല്‍കിയെന്ന അമേരിക്കാന്‍ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അഡാനിക്കായി മോഡി സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വികേന്ദ്രീകൃത സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച് 450 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം വിഭാവനം ചെയ്തിരുന്നത്. സോളാര്‍ പവര്‍ കോര്‍പ്പറേഷനാകട്ടെ വികേന്ദ്രികൃത പ്ലാന്റുകള്‍ക്ക് പകരം കേന്ദ്രീകൃത സൗരോര്‍ജ പദ്ധതിക്ക് വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു.

വന്‍കിട കേന്ദ്രീകൃത പ്ലാന്റിന് വാരിക്കോരി സബ്സിഡി നല്‍കിയ എസ്ഇസിഐ വികേന്ദ്രീകൃത പദ്ധതികളോട് മുഖം തിരിച്ചു. സബ്സിഡി വഴി ഉപഭോക്താക്കള്‍ക്ക് ഊര്‍ജം ഉല്പാദിപ്പിക്കാനും സൗജന്യം നേടാനും സാധ്യമായിരുന്ന അവസരമാണ് മോഡി സര്‍ക്കാര്‍ നിഷേധിച്ചത്. വന്‍കിട കമ്പനികളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവും സാമ്പത്തിക ഭാരവും ഗാര്‍ഹികോല്പാദകരെ മേഖലയില്‍ നിന്ന് അകറ്റുന്നതിന് വഴിവച്ചു. അധിക വൈദ്യുതി പൊതുമേഖല ഗ്രിഡിലേക്ക് നല്‍കി വരുമാനം കണ്ടെത്താനുള്ള അവസരവും നിഷേധിക്കപ്പെട്ടു. 

കേന്ദ്ര ആസൂത്രണ കമ്മിഷന്‍ മുന്‍ ഊര്‍ജ ഉപദേഷ്ടാവായിരുന്ന ഇ എ എസ് ശര്‍മ്മ അടക്കമുള്ള വിദഗ്ധര്‍ കേന്ദ്രീകൃത സൗരോര്‍ജ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രത്തിന്റെ നയംമാറ്റം പദ്ധതിയെ തെറ്റായ ദിശയിലേക്ക് നയിച്ചുെവന്നും കേന്ദ്രീകൃത വൈദ്യുതി നിര്‍മ്മാണം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉല്പാദനം, വിതരണം, ആവശ്യകത, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയുള്ള അധിക സാമ്പത്തിക ബാധ്യത അഡാനി അടക്കമുള്ള കുത്തക കമ്പനികള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നതിന് ഇടവരുത്തും. വന്‍തുക മുടക്കി സൗരോര്‍ജം വാങ്ങാന്‍ ജനങ്ങള്‍ വിമുഖത കാട്ടുമെന്നും ഇത് പ്രഖ്യാപിത ലക്ഷ്യത്തിന് വിലങ്ങുതടിയായി മാറുമെന്നും ഇ എ എസ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ നികുതിയില്‍ നിന്ന് അഡാനി പോലുള്ള കുത്തക കമ്പനിക്ക് വന്‍തോതില്‍ സബ്സിഡി നല്‍കുന്ന എസ്ഇസിഐ നയവും വിമര്‍ശന വിധേയമായിക്കഴിഞ്ഞു. വികേന്ദ്രികൃത ആസൂത്രണം വഴി സൗരോര്‍ജ ഉല്പാദനം ലാഭകരമാക്കി 2023 ഓടെ 450 ജിഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാമെന്നിരിക്കെയാണ് അഡാനി കമ്പനിയുടെ കീശ വീര്‍പ്പിക്കുന്ന നയം മാറ്റവുമായി മോഡി സര്‍ക്കാര്‍ രംഗത്തുവന്നത്. 

Exit mobile version