ഫെബ്രുവരി 12ന് കേന്ദ്ര തൊഴിലാളി സംഘടനകളും അനുബന്ധ സംഘടനകളും നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തന് സിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കാല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കോര്‍പ്പറേറ്റ് അനുകൂല — നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളും മനഃപൂര്‍വം അവഗണിക്കുകയാണ്. തൊഴിലില്ലായ്മ വര്‍ധിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യുന്നു. അസമത്വം അതിഭീകരമായി വര്‍ധിക്കുകയാണ്. കരാര്‍ ജോലി വ്യാപകമാകുന്നതിലൂടെ ജീവിക്കാനുള്ള മൗലികവാശം പോലും സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ ഒരുവശത്ത് ആത്മഹത്യ ചെയ്യുമ്പോള്‍ കുത്തകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.
നാല് ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള തീരുമാനം തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 100% ആക്കാനുള്ള തീരുമാനം പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളെ നാശത്തിലേക്ക് നയിക്കും. വിവാദമായ വൈദ്യുതി ഭേദഗതി നിയമം, 2025ലെ വിത്ത് നിയമം എന്നിവ കര്‍ഷകരെ ദോഷകരമായി ബാധിക്കും. കുത്തക കമ്പനികളുടെ താല്പര്യം സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖമുദ്ര. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.
വിവാദ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര തൊഴിലാളി യൂണിയനുകളും കര്‍ഷക സംഘടനകളും ഫെബ്രുവരി 12ന് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുപണിമുടക്ക് വിജയിക്കാന്‍ സിപിഐയുടെ എല്ലാ ഘടകങ്ങളും മുന്നോട്ട് വരണം. മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് — ജനവിരുദ്ധ — തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി പണിമുടക്ക് മാറണമെന്ന് ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു,
പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യം: സിപിഐ

