ജമ്മു കശ്മീരില്‍ ശ്രീനഗറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചു ലഡാക്കിലേക്ക് നീളുന്ന സോനാമാർഗ് തുരങ്കപാത തുറക്കുന്നു. ഇതോടെ മേഖലയിലെ വിനോദസഞ്ചാരത്തിന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമുദ്രനിരപ്പിൽനിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലഡാക്കിലെ ലേയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. ഇത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് സാധ്യത വര്‍ധിപ്പിക്കും.
പ്രാദേശിക ടൂറിസം വ്യവസായത്തിന് ഉണർവ് നൽകുമെന്നും പ്രദേശത്തെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, പദ്ധതി ജമ്മു കശ്മീരിലും ലഡാക്കിലും ഉടനീളം പ്രതിരോധ നീക്കം വർധിപ്പിക്കുകയും സാമ്പത്തിക — സാമൂഹിക — സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിനകംതന്നെ സന്ദർശകരെ ആകർഷിക്കുന്ന ഐസ് സ്കേറ്റിങ് റിങ്ക്, യുവാക്കളുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോനാമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സെഡ് ആകൃതിയിലാണ് പാതയുടെ നിർമ്മാണം. പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്നാണ് വിവരം.