Site iconSite icon Janayugom Online

സോൻപ്രയാഗ് കേദാർനാഥ് റോപ് വേ; കരാർ അദാനി എൻറർപ്രൈസസിന്

സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന 13 കിലോമീറ്റർ നീളുന്ന റോപ് വേ കരാർ അദാനി എൻറർപ്രൈസസിന് ലഭിച്ചതായി റിപ്പോർട്ട്. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് റോഡ് മാർഗം എത്തിച്ചേരാൻ കഴിയുന്ന അവസാന പോയിൻറാണ് സോൻപ്രയാഗ്. 

ഏകദേശം 4,081 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി തീർത്ഥാടകർക്ക് വേഗതയേറിയതും സുഖകരവും പരിസ്ഥിതി സൌഹാർദവുമായ ഒരു യാത്ര മാർഗം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ വർഷം മാർച്ചിലായിരുന്നു പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. മൊത്തം 12.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോപ്പ്‌വേ സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്നതാണ്. എ.ഇ.എല്ലിന്റെ റോഡ്‌സ്, മെട്രോ, റെയിൽ, വാട്ടർ (ആർ.എം.ആർ.ഡബ്ല്യു) ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുക.

പദ്ധതി പ്രവത്തനക്ഷമമാകുന്നതോടെ 9 മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ ട്രെക്കിംഗിൽ നിന്ന് യാത്രാ സമയം വെറും 36 മിനിറ്റായി കുറയുകയും ഇത് തീർത്ഥാടനം വളരെ എളുപ്പവും സുരക്ഷിതവുമാക്കുകയും ചെയ്യുന്നു. പർവത് മല പരിയോജനയുടെ ഭാഗമാണ് പ്രസ്തുത പദ്ധതി. പൊതു സ്വകാര്യ പങ്കാളിത്തത്തിൻറെ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് ആറ് വർഷമെങ്കിലും എടുക്കും. മണിക്കൂറിൽ 1,800 യാത്രക്കാരെ ഇരു ദിശകളിലേക്കും കൊണ്ടുപോകാൻ പ്രാപ്തിയുള്ളതും പ്രതിദിനം 18,000 യാത്രക്കാരെ ഉൾക്കൊള്ളുന്നതുമായ നൂതന ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3S) സാങ്കേതികവിദ്യ റോപ്പ് വേയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 

Exit mobile version