സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് പ്രത്യേക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് .
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നത്. വിഴിഞ്ഞം വാർഡിൽ ആകെ 10 പോളിങ് സ്റ്റേഷനുകളും പായിമ്പാടം, ഓണക്കൂർ വാർഡുകളിൽ ഒന്നു വീതം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. വിഴിഞ്ഞത്ത് ആകെ 13,307 (6,577 പുരുഷൻമാർ, 6,729 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ) വോട്ടർമാരാണുള്ളത്. പായിമ്പാടം വാർഡിൽ 462 പുരുഷൻമാരും 488 സ്ത്രീകളും ഉൾപ്പെടെ ആകെ 950 വോട്ടർമാരും, ഓണക്കൂർ വാർഡിൽ 601 പുരുഷൻമാരും 582 സ്ത്രീകളും ഉൾപ്പെടെ 1,183 വോട്ടർമാരുമാണുള്ളത്. വിഴിഞ്ഞം വാർഡിൽ ആകെ ഒമ്പതും, പായിമ്പാടത്തും ഓണക്കൂറും നാല് വീതം സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. വോട്ടെണ്ണൽ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 13ന് രാവിലെ 10ന് നടക്കും. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചെലവ് ഫെബ്രുവരി 12നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
മൂന്ന് വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് നാളെ

