Site iconSite icon Janayugom Online

പട്ടികജാതി പട്ടിക വര്‍ഗക്കാരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യേക ക്വാട്ടകള്‍;സുപ്രീംകോടതി

സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ അതീവ പിന്നാക്കക്കാരെ ഉപവിഭാഗമായി തിരിച്ച് സംവരണം നല്‍കാമെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കോടതി കേസില്‍ പരിഗണിച്ചത്. സംവരണ വിഭാഗത്തില്‍ ഉപവിഭാഗം തിരിച്ച് സംവരണം അനുവദിക്കാമോ. ഭരണഘടനാ അനുച്ഛേദം 341 പ്രകാരം വിജ്ഞാപനം ചെയ്തിരിക്കുന്ന പട്ടിക ജാതി വിഭാഗത്തെ മൊത്തത്തില്‍ ഒരു വിഭാഗമായി കണക്കാക്കണമെന്നും ഈ വിഭാഗത്തില്‍ ഉപവിഭാഗം പാടില്ലെന്നുമുള്ള സുപ്രീം കോടതിയുടെ മുന്‍ ഉത്തരവിന്റെ കൃത്യത. ആന്ധ്ര സംസ്ഥാന സര്‍ക്കാരിനെതിരെ ഇ വി ചിന്നയ്യ സമര്‍പ്പിച്ച കേസില്‍ 2004 ല്‍ ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡേ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പട്ടിക ജാതി വിഭാഗത്തില്‍ ഉപവിഭാഗം തിരിച്ച് സംവരണം പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്‌സി, എസ്‌ടി വിഭാഗങ്ങളില്‍ ഉപവിഭാഗ സംവരണം ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. എന്നാല്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണത്തിനായി നീക്കിവച്ചിരിക്കുന്ന മുഴുവന്‍ സീറ്റുകളും ഉപവിഭാഗത്തിനായി വിനിയോഗിക്കരുത്. ഉപവിഭാഗത്തിന് സംവരണാനുകൂല്യങ്ങള്‍ അര്‍ഹമായി ലഭിച്ചിട്ടില്ലെന്ന പ്രായോഗിക വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ആവണം ഇത്തരത്തിലുള്ള സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് ഭരണകൂടം ഉറപ്പു വരുത്തണം. ഇത് നീതീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്നും ഉത്തരവിലുണ്ട്.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, ബേലാ എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മൂന്നു ദിവസം വാദം കേട്ട് ഫെബ്രുവരി എട്ടിന് കേസ് വിധി പറയാനായി മാറ്റിയത്.
ബെഞ്ചിലെ ആറ് അംഗങ്ങള്‍ 2004 ലെ മുന്‍ ഉത്തരവ് മറികടക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ജസ്റ്റിസ് ബേലാ എം ത്രിവേദി ഇതിനോട് വിയോജിച്ചു. മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്രീമിലെയര്‍ വിഭാഗത്തെ സംവരണ പരിധിയില്‍ നിന്നും ഒഴിവാക്കിയ രീതിയില്‍ എസ്‌സി, എസ‌്ടി വിഭാഗത്തിലെ വെണ്ണപ്പാളി വിഭാഗത്തെ സംവരണ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. രാജ്യത്തെ സംവരണ തത്വങ്ങളില്‍ കാര്യമായ പ്രതിഫലനമാകും സുപ്രീം കോടതി ഉത്തരവോടെ നിലവില്‍ വരിക.
സര്‍വീസിലുള്ള എസ്‌സി, എസ‌്ടി വിഭാഗത്തിന് ജോലിക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിധി ബാധകമെങ്കില്‍ അത് എതിര്‍പ്പുകള്‍ക്കും വഴിവെച്ചേക്കാമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

സിപിഐ സ്വാഗതം ചെയ്തു

വിധിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. ഈ വിഭാഗത്തില്‍ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി തുറക്കുകയാണ് വിധിയിലൂടെയെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

വ്യക്തവും ശാസ്ത്രീയവുമായ അളവുകോലിലൂടെ വിധി നടപ്പിലാക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണ്. വിവിധ ജാതി വിഭാഗങ്ങളെയും വ്യത്യസ്ത തലങ്ങളിലുള്ള അവരുടെ പങ്കാളിത്തത്തെയും സമഗ്രമായ വിവരങ്ങള്‍ ലഭ്യമാകേണ്ടതുമുണ്ട്. അതിനായി സമഗ്ര ജാതി സെന്‍സസ് നടത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish Summary;Special quo­tas for mar­gin­al­ized SCs; Supreme Court

Exit mobile version