Site iconSite icon Janayugom Online

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകളുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്തവയില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകള്‍ എല്ലാം സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയാണ്. ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവല്‍ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

Exit mobile version