ഇന്ത്യയില്‍ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. ഡിസംബർ 15 വരെയാണ് പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ് വ്യക്തമാക്കി. കോവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ കാലതാമസം വരുത്തരുത്.
കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി ഫീൽഡ് തലത്തിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നൽകും. സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. വാക്സിനേഷൻ യജ്ഞത്തിനായി കൂടുതൽ ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്സിൻ കോവിഡ് അണുബാധയിൽ നിന്നും ഗുരുതരാവസ്ഥയിൽ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവർക്കെതിരെ നടപടിസ്വീകരിക്കും. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഏറെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷനില്‍ വര്‍ധന
വിദേശ രാജ്യങ്ങളില്‍ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ ഒന്നും രണ്ടും ഡോസും ഉൾപ്പെടെ 4.4 ലക്ഷം പേർ വാക്സിനെടുത്തപ്പോൾ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ 6.25 ലക്ഷം പേർ വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷൻ 36,428 പേരിൽ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസിൽ നിന്നും 5.67 ലക്ഷം ഡോസായും വർധിച്ചിട്ടുണ്ട്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേർക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേർക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നൽകിയത്.
english summary;Special vaccination campaign in the state
you may also like this video;