Site iconSite icon Janayugom Online

സ്‌പിരിറ്റ്‌ വേട്ട ; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

വാടക വീട് സ്‌പിരിറ്റ്‌ ഗോഡൗണാക്കിയ ബിജെപി പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിൽ. സിപിഐ എം പ്രവർത്തകൻ ഏങ്ങണ്ടിയൂർ സ്വദേശി ഐ കെ ധനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായ വാടാനപ്പള്ളി തയ്യിൽ വീട്ടിൽ കുമാരൻകുട്ടിയുടെ മകൻ മണികണ്‌ഠനെ (41) വെസ്റ്റ്‌ പൊലീസും കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കൽ വീട്ടിൽ സച്ചു (32)വിനെ ചാലക്കുടി പൊലീസ് പിടികൂടിയത്. ധനീഷനെ ഉൾപ്പെടെ രണ്ട്‌ പേരെ കൊന്ന കേസിലടക്കം 40 ക്രിമിനൽ കേസിൽ പ്രതിയാണ്‌ മണികണ്ഠൻ. ലാലൂർ കാര്യാട്ടുകര സ്വാമിപാലത്തിന് സമീപം ജനവാസമേഖലയിൽ വീട്‌ വാടകയ്‌ക്കെടുത്ത്‌ സ്‌പിരിറ്റ്‌ ഗോഡൗണാക്കിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 5,500 ലിറ്ററോളം സ്‌പിരിറ്റാണ്‌ പിടികൂടിയത്. 110 കന്നാസുകളിലായാണ്‌
സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്‌. രണ്ടാം ഭാര്യയും കുട്ടികളും വീട്ടില്‍ താമസമുണ്ടായിരുന്നു. 

തൃശൂർ, എറണാകുളം, മലപ്പുറം ഭാഗത്തുള്ള കള്ളുഷാപ്പിലേക്ക് വീര്യം കൂട്ടാനായുള്ള സ്‌പിരിറ്റ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നാണ്‌ സൂചന. ആറുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസിക്കാനെത്തിയത്. വളം സൂക്ഷിപ്പ് കേന്ദ്രമണെന്നാണ്‌ പറഞ്ഞത്. വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അയൽവാസികളും വഴിയിലൂടെ പോകുന്നവരും അറിയാതെയിരിക്കാൻ മുന്നിൽ കെട്ടി മറച്ചിച്ച് മൂന്ന്‌ നായകളേയും വളർത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ ആരംഭിച്ച പരിശോധനയാണ് രാത്രിയിയോടെ അവസാനിച്ചത്‌.

തൃശൂർ റൂറൽ പൊലീസ് മേധാവി നവനീത് ശർമയുടെ മേൽനോട്ടത്തിൽ ചാലക്കുടിയിൽ നടന്ന വാഹന പരിശോധനയിലാണ്‌ സ്‌പിരിറ്റുമായി സച്ചു പിടിയിലായത്‌. അമിതവേഗത്തിൽ വരികയായിരുന്ന കാറിനെ പിന്തുടർന്ന് പോട്ട സിഗ്നലിന് സമീപത്തുവച്ചാണ് പിടിയിലായത്. ഡിക്കിയിൽ നിന്ന്‌ 35 ലിറ്റർ ശേഷിയുള്ള 11 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് കണ്ടെത്തിയത്. തൃശൂരിൽനിന്ന്‌ കൊച്ചിയിലേക്കാണ് അവ കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ സൂത്രധാരൻ മണികണ്ഠനെക്കുറിച്ചുള്ള വിവരവും ലഭിച്ചത്‌.

Exit mobile version