Site iconSite icon Janayugom Online

സ്പോട്ട് ബുക്കിങ്: തീർത്ഥാടനത്തിന് മുമ്പ് പരിഹാരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്പോ‍ട്ട് ബുക്കിങ് അടക്കമുള്ള ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കെല്ലാം തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് മുമ്പ് പരിഹാരമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരിച്ചുപോവേണ്ടി വരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

വിർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അക്ഷയ മാതൃകയിലുള്ള ബുക്കിങ്ങാണ് പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഏജൻസി ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തെ ഏജൻസിയും മുന്നോട്ടുവന്നിട്ടുണ്ട്. വൃശ്ചികം ഒന്നാകുമ്പോൾ എല്ലാവർക്കും സമാധാനത്തോടെയും ശാന്തിയോടെയും ദർശനം നടത്താനാകും. ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡും സർക്കാരും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ അതിലെ ആത്മാർത്ഥത ജനങ്ങൾ തിരിച്ചറിയും. കേവലം ദേവസ്വം ബോർഡ് മാത്രം നടത്തുന്ന തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. വലുതും ചെറുതുമായ 28 വകുപ്പുകള്‍ ചേർന്ന് നടത്തുന്നതാണ്. ഇനിയും 40 ദിവസമുണ്ട്, ഒരുപാട് യോഗങ്ങളും നടക്കാനുണ്ട്. അതിലൊക്കെ മാറിയ സാഹചര്യങ്ങള്‍ ചര്‍ച്ചയാകുമെന്നും പ്രശാന്ത് പറഞ്ഞു. 

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ വഴി മാത്രം എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നത് ബോര്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി വി എൻ വാസവനെ ധരിപ്പിക്കണമെന്ന നിലപാടാണ് ബോര്‍ഡിന്. ചെന്നൈയിലുള്ള മന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. മന്ത്രിയെ നേരിട്ടുകാണുന്നതിനെ കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. 

Exit mobile version