Site icon Janayugom Online

ശാന്തമായ സ്വരവും ധീരമായ പ്രവര്‍ത്തിയും; ശ്രീനാരായണഗുരു തൊണ്ണൂറ്റിനാലാം സമാധിദിനം ഇന്ന്

ഇന്ന് കന്നി 5, ശ്രീ നാരയണ ഗുരുവിന്‍റെ തൊണ്ണൂറ്റിനാലാം സമാധി ദിനം .ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം മാനവർക്ക് നൽകിയത്. 1928 ൽ സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയടഞ്ഞത്.ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു.കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്.

 


ഇതുകൂടി വായിക്കൂ:ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.ഭാരതീയ ദര്‍ശന സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരകളിലൂടെ നമ്മുടെ ബുദ്ധിയെ നയിക്കുകയും അപാരവും സങ്കീര്‍ണവുമായ ദാര്‍ശനിക വശങ്ങള്‍ അയത്ന ലളിതമായി നമ്മുടെ മനീഷയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു കാവ്യ സംസ്കാരം ശ്രീ നാരായണ ഗുരു നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു ഒരു ഉത്തമോദാഹരണമാണ് ദൈവദശകം. അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ സ്തോത്രത്തിനു അനുവാചകന്‍റെ ഹൃദയത്തിലേക്ക് ഒരു തേന്‍ തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങാന്‍ കഴിയും.ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ അങ്ങനെ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമപാതകളിലേക്ക് ഗുരു പകർന്ന ഊർജം സ്വീകരിക്കുകയും ചെയ്ത മഹദ് വ്യക്തികളുടെ നിര പോലും നീണ്ടതാണ്.

 


ഇതുകൂടി വായിക്കൂ: ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്


മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയി രുന്ന കാലം. സ്വാമി വിവേകന്ദനന്‍ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ച കേരളത്തെ ’ ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്’ എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.വിദേശസംസ്‌കാരത്തിന്‍റെയും, സ്വസംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.

 


ഇതുകൂടി വായിക്കൂ: വിശ്വ മാനവികതയുടെ മഹാഗുരു


ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല. വര്‍ത്തമാനകാലത്തില്‍ ഗുരുവിന്‍റെ വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു. ജാതി ‚മതം , വര്‍ഗ്ഗം തുടങ്ങിയവയുടെ പേരില്‍ കലഹിക്കുന്ന സമൂഹത്തില്‍ ഗുരുദേവന്‍റെ ആപ്തവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇന്നുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

Exit mobile version