Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എം കെ സ്റ്റാലിൻ എത്തി

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിൻ എത്തി. വൈകീട്ട് നാലിന് പ്രതിനിധി സമ്മേളന വേദിയായ ടാഗോര്‍ തീയറ്ററിലെ സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ നടക്കുന്ന സെമിനാറിലാണ് എം കെ സ്റ്റാലിന്‍ പങ്കെടുക്കുന്നത്.

വൈകീട്ട് നാലിന് പ്രതിനിധി സമ്മേളന വേദിയായ ടാഗോര്‍ തീയറ്ററിലെ സ.വെളിയം ഭാര്‍ഗവന്‍ നഗറില്‍ നടക്കുന്ന സെമിനാറിലാണ് എം കെ സ്റ്റാലിന്‍ പങ്കെടുക്കുന്നത്. ‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ എന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അധ്യക്ഷതവഹിക്കുന്നത്.

ആർഎസ്എസ് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാണ്. മദ്രാസ് ഹൈക്കോടതി ഈ തീരുമാനത്തെ ശരിവച്ചതോടെ അതിന് ശ്രദ്ധയേറി. കോടതിയില്‍ നടന്ന വാദത്തിനിടെ ‘നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാൻ അനുമതി തേടാനാവില്ല’ എന്നാണ് തമിഴ്‌നാട് സർക്കാർ തുറന്നടിച്ചത്. കോടതി ഈ വാദം ശരിവയ്ക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതിൽ നിന്നല്ല സർക്കാർ വിലക്ക്. നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാൻ അനുമതി തേടാനാവുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെന്നും സ്റ്റാലിന്‍ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഒക്ടോബർ രണ്ടിന് റൂട്ടു മാർച്ച് നടത്തുന്നതില്‍ മാത്രമാണ് പൊലീസിന് എതിർപ്പുള്ളൂ. മറ്റേതെങ്കിലും ദിവസം അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ തയാറാണെന്നും തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആർഎസ്എസ് പരിപാടി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന ഏഴ് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചതായും സർക്കാർ കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങളിലെ എൻഐഎ റെയ്ഡുകൾ നടക്കുന്നതും ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പലയിടത്തും പെട്രോൾ ബോംബ് ആക്രമണം നടന്നതും അനുമതി നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പിഎഫ്ഐക്കെതിരായ നടപടി മൂലം ക്രമസമാധാന തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ തന്നെ സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകന്‍ എൻ ആർ ഇളങ്കോയാണ് കോടതിയെ അറിയിച്ചത്. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് വിശദമായ വാദം നടന്നത്. ആർഎസ്എസ് തിരുവള്ളൂർ ജോയിന്റ് സെക്രട്ടറി ആർ കാർത്തികേയനാണ് സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയത്.

മുഖ്യമന്ത്രി എന്ന നിലയില്‍ എം കെ സ്റ്റാലിനും തമിഴ്‌നാട് സര്‍ക്കാരും മുന്‍പും ദേശീയതയെയും മതേതരത്തെയും സംരക്ഷിക്കുന്ന നിരവധി തീരുമാനങ്ങളെടുത്തിട്ടുണ്ട്. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടുവരുമ്പോള്‍ തമിഴ്‌നാടിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. സിപിഐ സംസ്ഥാന സമ്മേളനത്തിലെത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കും അതുകൊണ്ട് ഏറെ പ്രധാനമുണ്ടെന്നതും വസ്തുതയാണ്. പ്രത്യേകിച്ച് ഫെഡറലിസത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്ത് സംസാരിക്കുമ്പോള്‍. രണ്ട് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന സെമിനാര്‍ വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. സമ്മേളനവേദിക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി വോളിലൂടെയും സെമിനാര്‍ വീക്ഷിക്കാം. ഇതിനുപുറമെ ജനയുഗം ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ സെമിനാര്‍ തത്സമം സംപ്രേക്ഷണവും ചെയ്യുന്നുണ്ട്. facebook.com/janayugomdaily

Exit mobile version