Site iconSite icon Janayugom Online

പുലികളി സംഘങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം; സംസ്ഥാന സർക്കാർ ഉത്തരവിറക്കി

ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പുലികളി. സംസ്ഥാനത്ത് പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ് ടൂറിസം ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ജില്ലാ കളക്ടറും ചേർന്ന് പുലികളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

കലാരൂപത്തിൽ കൂടുതല്‍ കലാകാരന്‍മാരെ ഉള്‍പ്പെടുത്തുന്നതിനും അതിനാവശ്യമായ ബോഡി പെയിന്റുകള്‍, മികച്ച വസ്ത്രങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്കുമായി ധാരാണം പണം ആവശ്യമാണ്. ധനസഹായം അനുവദിക്കുന്നതിലൂടെ 400ലധികം കലാകാരന്‍മാര്‍ക്ക് നേരിട്ട് സഹായം ലഭ്യമാകും. ഇത് വഴി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ദ്ധനവും 2.53 കോടി രൂപയുടെ പ്രാദേശിക സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. വിഷയം വിശദമായി പരിശോധിച്ച സര്‍ക്കാര്‍ പുലികളിയെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമായി നിലനിര്‍ത്തുന്നതില്‍ പുലികളി സംഘങ്ങള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് കണക്കിലെടുത്താണ് ധനസഹായം അനുവദിച്ചത്.

Exit mobile version