Site iconSite icon Janayugom Online

അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാടായിരുന്നു ശരി: ചിന്നക്കനാല്‍ നിവാസികള്‍

അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് ചിന്നക്കനാല്‍ നിവാസികള്‍. ആനയെ പിടികൂടി കുങ്കിയാന ആക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നും ചിന്നക്കനാല്‍ സിങ്കുകണ്ടം നിവാസികള്‍ പറഞ്ഞു.

കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്ന സിങ്കുകണ്ടം ചിന്നക്കനാല്‍ നിവാസികള്‍ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയെ വളരെ വേദനയോടെയാണ് കാണുന്നത്. ചിന്നക്കനാലില്‍ വിലസിനടന്നിരുന്ന കാലങ്ങളില്‍ അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. എന്നാല്‍ ആനയെ കുമളിക്ക് സമീപത്തെ ടൈഗര്‍ റിസര്‍വ്വിലേക്ക് മാറ്റിയതോടെ സ്ഥിതിമാറി.

ചിന്നക്കനാലില്‍ തിരിച്ചെത്തുവാന്‍ അവര്‍ സഞ്ചാരം തുടരുകയാണ്. ഇപ്പോള്‍ വഴിതെറ്റിയാണ് തമിഴ്‌നാട്ടിലെ കമ്പത്ത് എത്തിയിരിക്കുന്നത്. സഞ്ചാരപഥം കണ്ടെത്തുവാന്‍ നടത്തുന്ന പരാക്രമങ്ങള്‍ പലപ്പോഴും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. ചിന്നക്കനാലില്‍ നിന്നും പൂര്‍ണ ആരോഗ്യവാനായിപ്പോയ ആന ഇപ്പോള്‍ മെലിഞ്ഞ അവസ്ഥയിലാണെന്നും തുമ്പികൈയ്യിലും ദേഹത്തും നിരവധി പരിക്കുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.

സ്വര്യവിഹാരം നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് ആനയ്ക്ക് ഇപ്പോള്‍ ഉള്ളതെന്നാണ് അവിടുത്തെ വനപാലസംഘം തന്നെ പറയുന്നത്. വീണ്ടും മയക്കുവെടിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലാണോ ആനയുള്ളതെന്ന് പരിശോധിച്ചുവേണം അധികൃതര്‍ നടപടികള്‍ ആരംഭിക്കാന്‍. അല്ലാത്ത പക്ഷം ആനയ്ക്ക് അപകടം സംഭിക്കുമെന്നും നാട്ടുകാര്‍ ആശങ്ക പങ്കുവയ്ക്കുന്നു.

 

Eng­lish Sam­mury: Chin­naknal res­i­dents saey, The state gov­ern­men­t’s stand was right on Arikkom­ban issue

Exit mobile version