Site iconSite icon Janayugom Online

ബിജെപിയുടെ സ്ഥിതി കേരളത്തിലേക്കാളും കഷ്ടമാണ് ബംഗാളിലെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ്

പശ്ചിമ ബംഗാളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സൗമിത്ര ഖാന്‍. ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ബംഗാളില്‍ ബിജെപിക്ക് വലിയ തിരിച്ചടി തന്നെ സംഭവിക്കും എന്നാണ് സൗമിത്ര ഖാന്റെ മുന്നറിയിപ്പ്.

സംസ്ഥാന ബിജെപിക്കുളളില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സൗമിത്ര ഖാന്റെ പരാമര്‍ശം. പാര്‍ട്ടി കേന്ദ്ര നേതൃത്വം അവസരോചിതമായി ഇടപെട്ടില്ലെങ്കില്‍ ബംഗാളില്‍ ബിജെപിയുടെ അവസ്ഥ കേരളത്തെക്കാളും മോശമായി മാറുമെന്ന് സൗമിത്ര ഖാന്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാളിലെ ബിജെപിക്ക് ദിശാബോധം നഷ്ടമായിരിക്കുകയാണ്. പാര്‍ട്ടിക്ക് ദിശാബോധം വേണം.

കേന്ദ്ര നേതൃത്വത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. കേന്ദ്രത്തില്‍ നിന്ന് സമയോചിതമായ സഹായം ലഭിച്ചാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കാര്യമായിട്ടൊന്നും ചെയ്യാനാകില്ല. ഒരു പരിഹാരം കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചാല്‍ പിന്നെ തൃണമൂലിന് തങ്ങളെ തളര്‍ത്താനാകില്ലെന്നും സൗമിത്ര ഖാന്‍ പറഞ്ഞു. ബംഗാള്‍ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയെ സൗമിത്ര ഖാന്‍ പുകഴ്ത്തി. ബംഗാള്‍ ബിജെപി ഘടകത്തില്‍ ഇപ്പോഴുളള ഒരേയൊരു നല്ല നേതാവ് സുവേന്ദു അധികാരി മാത്രമാണ് എന്ന് സൗമിത്ര ഖാന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാ ചുമതലയുളള നേതാക്കള്‍ കാര്യങ്ങള്‍ ഉളളത് പോലെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാകണം. ഊഹാപോഹങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. വീഴ്ചകള്‍ മറച്ച് വെയ്ക്കുന്നത് ഒരു തരത്തിലും പാര്‍ട്ടിയെ സഹായിക്കാന്‍ പോകുന്നില്ലെന്നും സൗമിത്ര ഖാന്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര നേതൃത്വത്തോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും എങ്കില്‍ മാത്രമേ അവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും സംസ്ഥാന നേതൃത്വത്തിന് നല്‍കാന്‍ സാധിക്കുകയുളളൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സൗമിത്ര ഖാന്റെ പരസ്യ അഭിപ്രായ പ്രകടനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷനായ സുകാന്ത മജുംദാര്‍ രംഗത്ത് എത്തി. പാര്‍ട്ടി നേതാക്കള്‍ക്കുളള ബുദ്ധിമുട്ടുകള്‍ അവര്‍ നേരിട്ട് തന്നോടാണ് പറയേണ്ടത് എന്നും അല്ലാതെ പരസ്യമായി മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുകയല്ല വേണ്ടത് എന്നും മജുംദാര്‍ പ്രതികരിച്ചു. അടുത്തിടെ ബലിഖുംഞ്ച് നിയമസഭാ സീറ്റിലും അസന്‍സോള്‍ ലോക്‌സഭാ സീറ്റിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു.

Eng­lish Summary:State Vice Pres­i­dent says BJP’s sit­u­a­tion in Ben­gal is worse than in Kerala

You may also like this video:

Exit mobile version