Site iconSite icon Janayugom Online

ആഭിചാരക്രിയ നടത്താൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മരുമകളുടെ പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ

ആഭിചാരക്രിയ നടത്താൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. സഹോദരി മീരയുടെ 10 പവന്റെ ആഭരണവും ഭാര്യ സന്ധ്യയുടെ 14 പവൻ സ്വർണാഭരണവും മോഷ്ടിച്ച് ബിൻസി പണയപ്പെടുത്തിയെന്ന് സൈനികനായ മകൻ അഭിജിത്തും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലക്ഷങ്ങൾ വായ്പയായി കൈക്കലാക്കിയെന്നും പരാതിയുണ്ട്.

മരുമകൾ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ബിൻസി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാൽ നടപടികൾ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയി. മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. അതേസമയം ബിന്‍സിയ്ക്ക് കുടുംബം അറിയാത്ത കടബാധ്യതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പണയംവച്ചുകിട്ടിയ പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. ആഭിചാര ക്രിയകള്‍ ചെയ്തിരുന്നവരെ ബിന്‍സി സ്ഥിരമായി സന്ദര്‍ശിച്ചിരുന്നതായും പൊലീസ് പറയുന്നു.

Exit mobile version