Site iconSite icon Janayugom Online

നെല്ല് സംഭരണം; കേന്ദ്രം തരാനുള്ളത് 260 കോടി

സംസ്ഥാനത്ത്‌ കര്‍ഷകരില്‍ നിന്ന് നെല്ല്‌ സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത്‌ 2601 കോടി രൂപ. 2017– 18 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ 1259 കോടിയും 2024– 25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ കുറഞ്ഞ താങ്ങു വിലയായ (എംഎസ്‌പി) 1342 കോടിയും ഉൾപ്പെടെയാണിത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ കർഷകർക്ക് നെല്ലിന്റെ വില പൂർണമായും സംസ്ഥാന സർക്കാർ നൽകുകയാണ്. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓണത്തിന് മുമ്പ് കേന്ദ്ര വിഹിതം മുഴുവന്‍ നൽകണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കിലോയ്ക്ക്‌ 23 രൂപയാണ്‌ കേന്ദ്രം നൽകുന്നത്. 5.20 രൂപ പ്രോത്സാഹന ബോണസായി (എസ്‌ഐബി) സംസ്ഥാന സര്‍ക്കാര്‍ കൂട്ടി നല്‍കുന്നു. രണ്ടും ചേര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 28.20 രൂപ സംസ്ഥാനത്തെ കർഷകർക്ക്‌ ലഭിക്കുന്നു.

മൂന്ന് മാസം കൂടുമ്പോള്‍ ക്ലെയിമുകള്‍ കേന്ദ്രത്തിന് നല്‍കുന്ന പതിവും മുൻകൂർ തുക അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടായിരുന്നു. നടപ്പു വര്‍ഷം മുതല്‍ പ്രതിമാസം ക്ലെയിം നല്‍കാമെന്ന്‌ വ്യവസ്ഥ ചെയ്തു. ഇതുപ്രകാരം ഏപ്രില്‍, മേയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലെയിം നല്‍കിയെങ്കിലും അതും അനുവദിച്ചില്ല. ഇ‍ൗ ഘട്ടത്തിലും കര്‍ഷകരെ സഹായിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സംഭരണ വര്‍ഷം കര്‍ഷകര്‍ക്ക് നൽകേണ്ട 1645 കോടിയില്‍ 1285 കോടി രൂപയും വിതരണം ചെയ്തു. ബാക്കി 359.36 കോടി ഓണത്തിന് മുമ്പ് നല്‍കും. 2024–25ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍ നിന്ന് 1.45 ലക്ഷം, രണ്ടാം വിളയിൽ 1,49,615 കര്‍ഷകരില്‍ നിന്ന് 4.35 ലക്ഷം മെട്രിക് ടണ്‍ വീതം നെല്ലാണ്‌ സംഭരിച്ചത്‌. 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയ 606 കോടി രൂപയും കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കാനായി ഉപയോഗപ്പെടുത്തി. ഇതിൽ 190 കോടി രൂപ മാത്രമാണ്‌ ബാക്കിയുള്ളത്. പ്രോത്സാഹന ബോണസ് നൽകുന്നതിനു വകയിരുത്തിയ തുക കർഷകർക്ക് സംഭരണ വില പൂർണമായും നൽകാൻ ഉപയോഗപ്പെടുത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

Exit mobile version