Site iconSite icon Janayugom Online

വൈക്കോല്‍ കത്തിക്കുന്നത് ഡല്‍ഹിയിലെ വായൂമലിനീകരണം രൂക്ഷമാക്കുന്നു: സുപ്രീം കോടതി

അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കുന്നത് വ്യാപകമായെന്നും ഇത് രാജ്യ തലസ്ഥാന മേഖലയിലെ വായു നിലവാരം കൂടുതല്‍ മോശമാകാന്‍ കാരണമാകുമെന്നും സുപ്രീം കോടതി ഇന്നലെ അറിയിച്ചു. ഇരു സംസ്ഥാന സര്‍ക്കാരുകളോടും പ്രതികരണം തേടണമെന്ന് അമിക്കല്‍ ക്യൂറിയായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന് തെളിവായി ഹാജരാക്കി. സുപ്രീം കോടതി ഉത്തരവുകള്‍ ശിക്ഷാനടപടികളില്ലാതെ ലംഘിക്കപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസ് ഇന്ന് കോടതി പരിഗണിക്കുമ്പോള്‍ ചില ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഈമാസം മൂന്നിന് ഡല്‍ഹി തലസ്ഥാന മേഖലയിലെ വായു മലിനീകരണം വഷളാകുന്നത് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി വായു ഗുണനിലവാര മാനേജ്മെന്റ് കമ്മിഷനോട് (സിഎക്യുഎം) നിര്‍ദ്ദേശിച്ചു. മലിനീകരണ തോത് ഗുരുതരമാകുന്നത് വരെ കാത്തിരിക്കാതെ അധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞിരുന്നു.
ദീപാവലി സമയത്ത് ഡല്‍ഹിയിലെ വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളും അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചിരുന്നു. 37 കേന്ദ്രങ്ങളില്‍ ഒമ്പതെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. സിഎക്യുഎം വ്യക്തമായ ഡാറ്റയും പ്രവര്‍ത്തന പദ്ധതിയും സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അമിക്കസ് ക്യൂറി ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഡാറ്റ നിരീക്ഷിക്കേണ്ടത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് സിഎക്യുഎമ്മിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നിരുന്നാലും ബന്ധപ്പെട്ട ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി ബെഞ്ചിന് ഉറപ്പ് നല്‍കിയിരുന്നു.

Exit mobile version