Site iconSite icon Janayugom Online

കണ്ണൂരില്‍ 11 വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നു

കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനെ തെരുവ് നായ കടിച്ചുകൊന്നു. എടക്കാട് മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചലിനൊടുവില്‍ കെട്ടിനകം പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നേരത്തെയും കുട്ടിയെ കാണാതായിട്ടുണ്ട്. വീട്ടുകാരെ കാണാതെ ഇറങ്ങിപ്പോവുന്ന സ്വഭാവമുള്ള കുട്ടിയെ മൂന്ന് വര്‍ഷം മുമ്പ് കാണാതാവുകയും പിന്നീട് റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്നും കാണാതായപ്പോള്‍ സമാനമായ രീതിയില്‍ പോയതാവാമെന്നാണ് കരുതിയതും വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയതും. പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് പള്ളിക്കടുത്ത് പറമ്പില്‍ നിന്ന് കുട്ടിയെ കണ്ടതെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സജിത പറഞ്ഞു.

ഇപ്പോഴുണ്ടായത് അതിദാരുണമായ സംഭവമാണ്. വല്ലാതെ വേദനയുണ്ടാക്കുന്നു. പ്രദേശത്ത് തെരുവുനായ ശല്യം ഉണ്ട്. എബിസി പദ്ധതി നടപ്പാക്കുന്നതിനായി സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അടുത്ത ദിവസങ്ങളില്‍ എബിസി പദ്ധതി പഞ്ചായത്തില്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തെ ബീച്ചില്‍ വച്ച് രണ്ട് കുട്ടികളെ നായ്ക്കള്‍ കടിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഗ്രാമ പ‍ഞ്ചായത്തിന് പരിമിതികള്‍ ഉള്ളതിനാല്‍ ജില്ലാ പഞ്ചായത്തുമായും ബ്ലോക്ക് പഞ്ചായത്തുമായി കൂടിയാലോചിച്ചത്. മുഴപ്പിലങ്ങാട് പഞ്ചായത്തിന് മുന്‍ഗണന നല്‍കിയാണ് അടുത്ത ദിവസം എബിസി പദ്ധതിക്കായി ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും സജിത പറഞ്ഞു.

Eng­lish Sam­mury: stray dog atatck, 11-year-old boy died

Exit mobile version