Site iconSite icon Janayugom Online

ഡൽഹിയിലെ തെരുവ്നായ ശല്യം; ആഗസ്റ്റ് 11ലെ ഉത്തരവ് പരിഷ്ക്കരിച്ച് സുപ്രീംകോടതി

ഡൽഹിയിലും എൻസിആറിലും(ദേശീയ തലസ്ഥാന മേഖല) തെരുവ് നായ്കക്കളുടെ പരിപാലനം സംബന്ധിച്ച ആഗസ്റ്റ് 11ലെ മുൻ ഉത്തരവ് സുപ്രീംകോടതി പരിഷ്ക്കരിച്ചു. വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം മൃഗങ്ങളെ അതാത് പ്രദേശങ്ങളിൽ തിരിച്ചെത്തിക്കണമെന്നും കോടതി നിർദേശിച്ചു.

പേവിഷബാധയുള്ളതോ ആക്രമണാത്മകമായി പെരുമാറുന്നതോ ആയ നായകളെ തിരികെ വിടില്ലെന്നും പ്രത്യേകം സൂക്ഷിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പൊതുസ്ഥലത്ത് നായ്ക്കൾക്ക് തീറ്റ കൊടുക്കുന്നത് അനുവദിക്കില്ലെന്നും അതിനായി പ്രത്യേക സ്ഥലം ഉണ്ടാക്കണമെന്നും കോടതി ഉത്തരവിട്ടു. മുനിസിപ്പൽ വാർഡുകളിൽ നായ്ക്കൾക്ക് തീറ്റ നൽകുന്നതിനായി പ്രത്യേക സ്ഥലങ്ങൾ നിർമ്മിക്കണമെന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോട്(എംസിഡി) കോടതി നിർദേശിച്ചു.

നായ്ക്കളെ ദത്തെടുക്കുന്നതിന് മൃഗസ്നേഹികൾക്ക് എംസിഡിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. 

തെരുവ്നായ്ക്കളുടെ ശല്യം സംബന്ധിച്ച നടപടികളുടെ പരിധി കോടതി വിപുലീകരിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാർക്ക് നോട്ടീസ് അയയ്ക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ നയം രൂപീകരിക്കുന്നതിൽ അവരുടെ പ്രതികരണം തേടുകയും ചെയ്തു.

തെരുവ്നായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഹർജികൾ നിലനിൽക്കുന്ന എല്ലാ ഹൈക്കോടതികളിൽ നിന്നും വിവരങ്ങൾ തേടാനും അത്തരം ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ ഉത്തരവിടാൻ സുപ്രീംകോടതി രജിസ്ട്രിയോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. 

ഓഗസ്റ്റ് 11 ന്, ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ എല്ലാ പ്രദേശങ്ങളും തെരുവ് നായ്ക്കളെ നിരോധിക്കണമെന്നും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പിടികൂടിയ ഒരു മൃഗത്തെയും തെരുവുകളിൽ തിരികെ വിടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവിനെയാണ് ഇപ്പോൾ പരിഷ്ക്കരിച്ചിരിക്കുന്നത്. 

Exit mobile version