ഓട്ടിസം ബാധിതരുടെ രക്ഷിതാക്കളുടെ ഓരോ ദിവസവും പോരാട്ടമാണ്. ജീവിതത്തോടും സമൂഹത്തോടുമെല്ലാം. ഈ അവസ്ഥയില്‍ നിന്ന് മക്കള്‍ മോചിതരാകുമെന്ന് ആദ്യമൊക്കെ അവര്‍ പ്രതീക്ഷ വയ്ക്കും. എന്നാല്‍ തുടര്‍ച്ചയായി തെറാപ്പികള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകില്ല. സമൂഹത്തില്‍ നിന്നോ അധികാരികളില്‍ നിന്നോ വേണ്ടത്ര പിന്തുണ കിട്ടാതെ വരുമ്പോള്‍ ആത്മഹത്യയിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ പലതാണ്.
ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും നമ്മുടെ കണ്‍മുന്നില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത്തരം 13 സംഭവങ്ങളുണ്ടായെന്നാണ് രക്ഷിതാക്കളുടെ കൂട്ടായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്.
സിവിയര്‍ ഓട്ടിസമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ എത്രയധികം മാനസിക സംഘര്‍ഷത്തിലൂടെയായിരിക്കും ഓരോ ദിവസവും കടന്നുപോകുന്നതെന്ന് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. മാതാപിതാക്കള്‍ വിവാഹമോചിതരോ, ആരെങ്കിലും ഒരാള്‍ മരിച്ചതോ ആണെങ്കില്‍ മാനസിക സംഘര്‍ഷം പതിന്മടങ്ങാകും. നാട്ടുകാരില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള കുറ്റപ്പെടുത്തലുകളും കുത്തിനോവിക്കുന്ന വര്‍ത്തമാനങ്ങളും നേരിടേണ്ടിവരുമ്പോള്‍ ഏത് നിമിഷവും ഈ രക്ഷിതാക്കളുടെ മനസ് താളംതെറ്റിപ്പോകാം.
കുട്ടികള്‍ വളര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതോടെ, മാതാപിതാക്കളുടെ ആശങ്കകളും വലുതാകുന്നു. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം തുടങ്ങിയതിന് ശേഷമുള്ള കാലവും ആണ്‍കുട്ടികള്‍ ശാരീരികമായി പ്രായപൂര്‍ത്തിയാകുന്ന പ്രായവും മുതലുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് ഇവരെ നയിക്കുക. ശാരീരിക ആവശ്യങ്ങളും വിഷമതകളുമെല്ലാം പങ്കുവയ്ക്കാന്‍ പോലും കഴിയാതെയാകും ഭിന്നശേഷികുഞ്ഞുങ്ങളുണ്ടാകുക. ചൂഷണം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകളും ഏറെ. മനസമാധാനത്തോടെ എവിടെയെങ്കിലും ഒന്ന് ഒറ്റയ്ക്ക് പോയിട്ട് വര്‍ഷങ്ങളായെന്നാണ് മിക്ക അമ്മമാരും പറയുന്നത്. ഞങ്ങള്‍ ഇല്ലാതായാല്‍ അവരെ ആര് നോക്കും? ഏത് നരകജീവിതമായിരിക്കും അവരെ കാത്തിരിക്കുന്നത്? ഇതാണ് ഈ മാതാപിതാക്കളുടെ മനസില്‍ എന്നുമുണ്ടാകുന്ന ചിന്ത.
വീടുകളിലെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം സമർപ്പിക്കപ്പെട്ടവരാണ് ഈ രക്ഷിതാക്കളില്‍ കൂടുതലും. മക്കളെ പുറത്തേക്ക് കൊണ്ടുപോകുവാനോ നിയന്ത്രിക്കുവാനോ കഴിയാത്ത വിധത്തിലുള്ളവര്‍.. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകാതെ ജീവിതത്തിൽ പകച്ചു പോകുന്നവരാണ് ഇതിലേറെയും. അങ്ങനെ മനസിൽ ആശങ്കകൾ നിറഞ്ഞുകവിയുമ്പോഴാണ് ഈ കുടുംബങ്ങളിൽ അരുതാത്ത സംഭവങ്ങള്‍ തുടർക്കഥകളായി മാറുന്നത്. ഈ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരെയും അവരെ പരിചരിക്കുന്നവരെയും ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള ഇടപെടലുകളാണ് സമൂഹത്തില്‍ നിന്നും അധികാരികളില്‍ നിന്നുമുണ്ടാകേണ്ടത്.
.….….….….….….….….….….….….….….….….….….…
നാളെ: വേണം തെറാപ്പികളും
ഷെല്‍ട്ടര്‍ ഹോമുകളും
.….….….….….….….….….….….….….….….….….….…