ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം തിരിച്ചറിയാൻ ലേബലിങ് നിർബന്ധമാക്കി കേന്ദ്ര ഐടി മന്ത്രാലയം. ലേബലിങ് ഉറപ്പുവരുത്താൻ എഐ കമ്പനികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയമപരമായ ബാധ്യത ഉണ്ടായിരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. സൈബർ ലോകത്ത് വളർന്നുവരുന്ന വിവിധ തലങ്ങളിലുള്ള ഡീപ്‌ഫേക്ക് പ്രചാരണങ്ങൾ തടയുന്നതിനാണ് ഈ സുപ്രധാന നീക്കം. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം ഒരു ബില്യൺ കവിഞ്ഞ സാഹചര്യത്തിൽ, വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും സാമൂഹിക സംഘർഷങ്ങൾക്കും തെരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾക്കും വഴിതെളിയുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനറേറ്റീവ് എഐ ഉപകരണങ്ങളുടെ ദുരുപയോഗം വർധിച്ചു വരുന്ന സാഹചര്യത്തോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിശദീകരിക്കുന്നു.
‘ഡീപ്‌ഫേക്ക്’ തടയാൻ കർശന നടപടി; എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്റുകൾക്ക് ലേബലിങ് നിർബന്ധമാക്കി ഐടി മന്ത്രാലയം

