Site iconSite icon Janayugom Online

നെസ്റ്റോയ്ക്ക് മുന്‍പിലെ സമരം; കബളിപ്പിക്കപ്പെട്ട ചുമട്ടുതൊഴിലാളികളുടെ സത്യം

ഉപജീവനത്തിനു വെല്ലുവിളിയായപ്പോള്‍ കല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ചുമട്ടുതൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് ഒരുമാസം. നെസ്റ്റോ പൂട്ടിക്കാന്‍ ഇറങ്ങിയ ചുമട്ടുതൊഴിലാളികള്‍ എന്നും വികസന വിരോധികളുടെ സമരം എന്നും പരിഹസിക്കപ്പെടുമ്പോള്‍ സമരത്തിനു കാരണമായ നെസ്റ്റോയുടെ ചതി ചര്‍ച്ചയാകുന്നു. നെസ്‌റ്റോക്ക് മുന്‍പ് പ്രദേശത്തെ ചുമട്ടുതൊഴിലാളികള്‍ക്കു ലഭിച്ചിരുന്ന ചരക്കിറക്കം കുറഞ്ഞതും നെസ്റ്റോയുടെ ചരക്കിറക്കത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കിയതുമാണ് തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.

നെസ്റ്റോ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ മാനേജ്മെന്റുമായി ചുമട്ടുതൊഴിലാളികള്‍ ചര്‍ച്ച നടത്തിയിരുന്നു. നെസ്റ്റോയുടെ വാഹനത്തില്‍ വരുന്ന ചരക്ക് നെസ്റ്റോയുടെ തൊഴിലാളികള്‍ ഇറക്കുമെന്നും മറ്റുവാഹനങ്ങളില്‍ വരുന്ന ചരക്ക് കല്‍പ്പറ്റയിലെ അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് ഇറക്കാം എന്നുമായിരുന്നു ധാരണ. ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോള്‍ ഈ ധാരണ നെസ്റ്റോ മാനേജ്മെന്റ് ലംഘിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ലോഡുകള്‍ എല്ലാം നെസ്റ്റോയുടെ ബോര്‍ഡുവെച്ച വാഹനങ്ങളില്‍മാത്രം കൊണ്ടുവന്ന് തുടങ്ങിയെന്നും അതോടെ ഞങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ചുമട്ടുതൊഴിലാളികള്‍ പറയുന്നു. ഇക്കാര്യത്തില്‍ മാനേജുമെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

നെസ്റ്റോ വന്നതോടെ കല്‍പ്പറ്റയിലെ മറ്റു കടകളിലേക്കുള്ള ചരക്കിന്റെ വരവും കാര്യമായി കുറഞ്ഞു. അതുവരെ മറ്റുകടകളിലേക്ക് വേണ്ടി ചരക്കിറക്കിയവര്‍ക്ക് ആ പണി ഇല്ലാതാവുകയും നെസ്റ്റോ ചരക്കിറക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ വരുമാനം നിലച്ചു. കുടുംബം പട്ടിണിയാകുന്ന അവസ്ഥ വന്നപ്പോളാണ് സിഐടിയു, ഐന്‍ടിയുസി, എസ്ടിയു തുടങ്ങി എല്ലാ തൊഴിലാളിസംഘടനകളുടേയും അംഗങ്ങള്‍ ചേര്‍ന്ന് നെസ്റ്റോയ്ക്ക് മുന്നില്‍ കൊടിനാട്ടി പന്തലുകെട്ടി സമരം തുടങ്ങിയത്.

പല തവണ പിന്നീടും മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിരുന്നു. അതിനിടെ നെസ്റ്റോ അവരുടെ നാല് തൊഴിലാളികള്‍ക്ക് ചുമട്ടിറക്കാനുള്ള ലൈസന്‍സ് എടുക്കുകയും ചെയ്തു. ഇപ്പോള്‍ അവരെ ഉപയോഗിച്ചാണ് ചുമടിറക്കുന്നത്. മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും അതില്‍ 97ശതമാനം പേര്‍ വയനാട്ടുകാരാണെന്നും നെസ്റ്റോ പറയുന്നു. അത്രയും പേര്‍ക്ക് തൊഴില്‍ കൊടുക്കാമെങ്കില്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മൂന്നൂപേര്‍ക്ക് കൂടി തൊഴില്‍ കൊടുത്തുകൂടെയെന്നും തൊഴിലാളികള്‍ ചോദിക്കുന്നു.

Eng­lish sum­ma­ry; strike against Nesto; The truth of the duped porters

You may also like this video;

Exit mobile version