Site iconSite icon Janayugom Online

ടിബറ്റിൽ ശക്തമായ ഭൂചലനത്തിൽ 53 മരണം; 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 38 പേർക്ക് പരിക്ക്

പശ്ചിമചൈനയില്‍ നേപ്പാളിന് സമീപം ടിബറ്റില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 53 മരണം. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്‌ചര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും അനുഭവപ്പെട്ടു. ഭൂമിശാസ്‌ത്രപരമായി ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാൾ. അവിടെ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് സ്ഥിരമാണ്. 

2015ൽ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9000ത്തോളം ആളുകൾ മരിക്കുകയും 22,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച് ഇന്ന് രാവിലെ 6.35നാണ് ഭൂചലനം ഉണ്ടായത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനങ്ങൾ കൂടി ഈ മേഖലയിൽ ഉണ്ടായതായി എൻസിഎസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. റിക്‌ടർ സ്‌കെയിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02നാണ് ഉണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിൽ 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07നാണുണ്ടായത്. 30 കിലോമീറ്ററോളം ഈ ഭൂചലനം വ്യാപിച്ചു. ഭൂചലനത്തിൽ നിരവധി വീടുകൾ നശിച്ചു. വൻ നാശനഷ്‌ടങ്ങളുണ്ടായി.

Exit mobile version