‘ചോര തുടിക്കും ചെറു കയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍’
എന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയതിന്റെ അര്‍ത്ഥമഹിമയും ഗാംഭീര്യവും വിപുലമാണ്. പക്ഷേ ആ അര്‍ത്ഥമഹിമയും ഗാംഭീര്യവും തിരിച്ചറിയാതെയാണ് കേരള ഹൈക്കോടതി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ആ ഉത്തരവിന് കാല്‍നൂറ്റാണ്ട്. പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക’ എന്ന് പഠിപ്പിച്ചത് ശ്രീനാരായണഗുരുവാണ്. ‘അക്ഷരം വിപ്രഹസ്തേന’ എന്ന മനുസ്മൃതി മന്ത്രത്തിനെതിരായി കാര്‍ഷിക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത അയ്യന്‍കാളിയുടെ ചരിത്രം ജാതിയില്‍ നീചത്വം കല്‍പിക്കപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശം അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യസമ്പാദന പോരാട്ടങ്ങളുടെ തീക്ഷ്ണ നാളുകളില്‍ മഹാത്മാഗാന്ധിയാണ് ‘കലാലയങ്ങള്‍ വിട്ടിറങ്ങൂ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതൂ’ എന്ന് ആഹ്വാനം ചെയ്തത്. ആ ആഹ്വാനം ചെവിക്കൊണ്ട അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ (എഐഎസ്എഫ്) നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കലാലയ മുറികളും കലാലയാങ്കണങ്ങളും വിട്ടിറങ്ങി പെറ്റനാടിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതി കാരാഗൃഹവാസങ്ങളും ഹെമുകലാനി ഉള്‍പ്പെടെയുള്ള തൂക്കുമരത്തിലേറ്റപ്പെട്ട രക്തസാക്ഷിത്വങ്ങളും വെടിവയ്പുകളും അരങ്ങേറി. 1936 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ 200 പ്രാദേശിക വിദ്യാര്‍ത്ഥി ഘടകങ്ങളില്‍ നിന്നും പതിനൊന്ന് പ്രവിശ്യകളില്‍ നിന്നുമായി 986 പ്രതിനിധികള്‍ പങ്കെടുത്ത എഐഎസ്എഫ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്റുവും അധ്യക്ഷത വഹിച്ചത് മുഹമ്മദാലി ജിന്നയുമായിരുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ഡോ. എസ് രാധാകൃഷ്ണന്‍, സരോജിനി നായിഡു, സി രാജഗോപാലാചാരി, സര്‍ദാര്‍ പട്ടേല്‍, പി സി റോയ്, സര്‍ തേജ്ബഹാദൂര്‍ സപ്രു, ശ്രീനിവാസ ശാസ്ത്രി തുടങ്ങിയവരുടെ ആശംസാസന്ദേശങ്ങളും ആ സമ്മേളനത്തില്‍ വായിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ സംഘടിതരാകേണ്ടതിന്റെയും അവകാശങ്ങള്‍ക്കായി പൊരുതേണ്ടതിന്റെയും കാഹളം കൂടിയായിരുന്നു അവരുടെ സന്ദേശങ്ങളും ആദ്യ സംഘടിത ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ സ്വാതന്ത്ര്യ സമ്പാദന പോരാട്ടങ്ങളും വിദ്യാഭ്യാസ നവീകരണത്തിനും വിദ്യാര്‍ത്ഥി അവകാശങ്ങള്‍ക്കും വേണ്ടി നടന്ന എണ്ണമറ്റ പോരാട്ടങ്ങളും.
ഇതുകൂടി വായിക്കൂ: തൊഴിലാളികളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ്
1828 ല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുവാന്‍ തുടങ്ങിയിരുന്നു. കല്‍ക്കട്ടയില്‍ രൂപീകരിക്കപ്പെട്ട അക്കാദമിക് അസോസിയേഷന്‍ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യ‑രാഷ്ട്രീയ‑സാംസ്കാരിക പ്രശ്നങ്ങളും സംവദിക്കുവാനും പുരോഗമനപരമായി പ്രതികരിക്കുവാനും തുടങ്ങി. അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന ഹെന്റി ലൂയിസ് വിവിയന്‍ ഡിറോസിയോ എന്ന ചെറുപ്പക്കാരനാണ് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് അക്കാദമിക് അസോസിയേഷന്‍ രൂപീകരിച്ചത്. രാജാറാം മോഹന്‍റോയിയുടെയും സിറോസിയുടെയും ആശയങ്ങളില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ചേര്‍ന്ന് എല്ലാതരത്തിലുള്ള സാമൂഹ്യതിന്മകളെയും എതിര്‍ക്കുവാനും സാമൂഹ്യ പരിഷ്കരണത്തിനുവേണ്ടി പൊരുതുവാനും 1830 ല്‍ ‘യങ് ബംഗാള്‍ മൂവ്മെന്റ്’ എന്ന പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടു. വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ദേശീയ പ്രക്ഷോഭണത്തിലേക്ക് നയിച്ച ഉജ്ജ്വല നേതാവായിരുന്നു ദാദാ ഭായി നവറോജി. 1848 ല്‍ ബോംബെയില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘സ്റ്റുഡന്റ്സ് ലിറ്ററസി ആന്റ് സയന്റിഫിക് സൊസൈറ്റി’ എന്ന പ്രസ്ഥാനം പിറവിയെടുത്തത്. 1849 ഓഗസ്റ്റ് നാലിന് നടന്ന ആ സംഘടനയുടെ യോഗത്തിലാണ് ബി കെ ഗാന്ധി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള പ്രമേയം അവതരിപ്പിച്ചത്. അത് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ പരിഷ്കരണത്തിന്റെ തുടക്കമായിരുന്നു. 1876 ല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ എന്ന സംഘടന ‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ടപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ നായകന്‍ സുരേന്ദ്രനാഥ ബാനര്‍ജി ആയിരുന്നു. പൂന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സത്യധര്‍മ്മ സമാജം ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലിനു നല്കിയ നിവേദനത്തില്‍ അബ്രാഹ്മണര്‍ക്കും പിന്നാക്കക്കാര്‍ക്കും എതിരായ വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. സ്കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കടന്നുചെല്ലുന്ന ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം 90 ശതമാനമാണെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 10.6 ശതമാനമാണെന്നും വിദ്യാഭ്യാസത്തിലെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്നും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുകൂടി വായിക്കൂ: ജനമനസുകളിലെ കമ്മ്യൂണിസ്റ്റ് തമ്പുരാന്‍
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പൊരുതി നേടിയതാണ് സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശങ്ങളും എന്ന് ഈ ചരിത്രപാഠങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും കലാലയ രാഷ്ട്രീയ ചര്‍ച്ചകളും നിരോധിക്കുന്ന ഉത്തരവുകള്‍ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും വിഹാരകേന്ദ്രങ്ങളായി കലാലയത്തെ മാറ്റും. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും മയക്കുമരുന്നു മാഫിയകളും ഗുണ്ടാസംഘങ്ങളും അരാഷ്ട്രീയതയുടെ മറവില്‍ കലാലയ വളപ്പുകളില്‍ നുഴഞ്ഞുകയറുകയും അരാജകത്വത്തിന്റെ അലയൊലിയില്‍ തിരമാലകള്‍ പോലെ ഇരച്ചുകയറുകയും ചെയ്യും. പുതുതലമുറ അരാജകത്വത്തിന്റെയും അരാഷ്ട്രീയതയുടെയും അപഥവഴികളിലൂടെ വലിച്ചിഴക്കപ്പെടുകയും ചെയ്യും.
കാമ്പസുകള്‍ സര്‍ഗാത്മകതയുടെയും രാഷ്ട്രീയ‑സാമൂഹ്യ സംവാദങ്ങളുടെയും വേദികളായിരുന്നു. വരുംകാലത്ത് അത് അനിവാര്യമാണ്. 18 വയസില്‍ വോട്ടവകാശമുള്ള രാജ്യത്ത് കലാലയങ്ങളില്‍ സംഘടിക്കുവാനും പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നതിന്റെ സാംഗത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിസ്തുലമായ പങ്കുവഹിച്ച ആദ്യ സംഘടിത ദേശീയ പ്രസ്ഥാനമായ എഐഎസ്എഫ് ആണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ‘ബൈബിള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സമുന്നത നിര്‍ദ്ദേശങ്ങളിലൂടെ പരാമര്‍ശിക്കപ്പെട്ടത്.
ഇതുകൂടി വായിക്കൂ: കേരള വികസനത്തിന്റെ അടിത്തറ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ: പന്ന്യന്‍ രവീന്ദ്രന്‍
കേരളത്തിലെ കാമ്പസുകളെയും സ്വാതന്ത്ര്യസമ്പാദന സമരപോരാട്ട ഭൂമികള്‍ ആക്കുന്നതിലും സര്‍ഗാത്മക വേദികളാക്കുന്നതിലും എഐഎസ്എഫ് നിസ്തുലമായ പങ്കുവഹിച്ചു. പികെവി, ജെ ചിത്തരഞ്ജന്‍, കെ സി മാത്യു, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒഎന്‍വി, പി ഭാസ്കരന്‍, തിരുനല്ലൂര്‍ കരുണാകരന്‍, പുതുശേരി രാമചന്ദ്രന്‍, എന്‍ മോഹനന്‍, ഒ മാധവന്‍, തെങ്ങമം ബാലകൃഷ്ണന്‍, പി ഗോവിന്ദപിള്ള, എ എസ് രാജേന്ദ്രന്‍, വെളിയം ഭാര്‍ഗവന്‍, വി സാംബശിവന്‍, കണിയാപുരം രാമചന്ദ്രന്‍, സി കെ ചന്ദ്രപ്പന്‍, ആന്റണി തോമസ് എന്നിവരെല്ലാം സിറ്റഷന്‍ സമ്പ്രദായത്തിനും പാരതന്ത്ര്യത്തിനും എതിരായി കലഹിച്ചവരാണ്.
വര്‍ഗീയ ഫാസിസത്തിന്റെ ഇരുട്ട് പടരുമ്പോള്‍ നവ തലമുറയെ അരാഷ്ട്രീയതയിലേക്കും അരാജകത്വത്തിലേക്കും വലിച്ചിഴയ്ക്കുന്നത് അപരാധമാണ്. കലാലയങ്ങളെ ആയുധശാലകളാക്കാതെ സര്‍ഗാത്മകതയുടെയും സംവാദനങ്ങളുടെയും രാഷ്ട്രീയ ചര്‍ച്ചകളുടെയും ഉല്‍ഫുല്ല വേദികളാക്കി മാറ്റണം.
ഇതുകൂടി വായിക്കൂ: എം എസ്: യശോധാവള്യമുള്ള കമ്മ്യൂണിസ്റ്റ്
രാജ്യത്തിന്റെ പുതുതലമുറ രാഷ്ട്രീയ ബോധമില്ലാത്തവരായാല്‍ നാം വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ഇരുളടഞ്ഞ ഗര്‍ത്തങ്ങളില്‍ വീണുപോകും. ദേശീയ വിദ്യാഭ്യാസ ദിനമൊക്കെ അനുഷ്ഠിക്കുമ്പോള്‍ വിദ്യാഭ്യാസ ധാര്‍മ്മികതയെയും കലാലയങ്ങളെയും പള്ളിക്കൂടങ്ങളെയും കുറിച്ചുകൂടി നാം ചിന്തിക്കണം. അതുകൊണ്ടാണ് ‘ചോര തുടിക്കും ചെറു കയ്യുകള്‍ വെളിച്ചം വിതറുന്ന പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്’.