Site iconSite icon Janayugom Online

പഠനം ലഹരി; 77ല്‍ പ്ലസ് വൺ തുല്യതാ പരീക്ഷ എഴുതി ഗോപിദാസ്

gopigopi

ജീവിതം തന്നെ പഠനമാക്കിയ 77 കാരൻ ഗോപിദാസ് അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. താൻ പത്താം ക്ലാസ് വിജയിക്കണമെന്ന പ്രിയ മാതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയപ്പോൾ തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ഈ വാർധക്യകാലത്ത് ഗോപിദാസ് നേടി. പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപിദാസ് വാർധക്യം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. സിപിഐ പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റിയിലെ ബ്ലോക്ക് ഓഫീസ് ബ്രാഞ്ച് അംഗം കൂടിയാണ്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച ഇദ്ദേഹം കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. ഇതിനു ശേഷം പല ജോലികൾ ചെയ്തു. ഒടുവിൽ ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിയും നോക്കി. പഠിക്കുന്ന കാലത്ത് മാതാവിന്റെ ഏക ആഗ്രഹം മകൻ പത്താം ക്ലാസ് വിജയിക്കണമെന്നായിരുന്നു.

അമ്മ ജീവിച്ചിരുന്നപ്പോൾ ഇത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. എങ്കിലും മാതാവിന്റെ സ്വപ്നം പൂവണിയിക്കാൻ വാർധക്യം മറന്ന് ഗോപിദാസ് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സാക്ഷരതാ മിഷന്റെ തുല്യതാ പഠനം ആരംഭിച്ചത്. തുല്യതാ പഠനത്തിലൂടെ ഏഴാം ക്ലാസ് വിജയിച്ച ഗോപിദാസിന് പത്താം ക്ലാസിൽ മൂന്ന് എ പ്ലസോടെ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇതിന് ശേഷമാണ്പ്ലസ് വൺ പഠനം തുല്യതാ സെന്ററായ അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്കൂളിൽ ആരംഭിച്ചത്. ഇപ്പോൾ പ്ലസ് വൺ പരീക്ഷയാണ്. പ്ലസ് വണ്ണിൽ ആകെ 107 പഠിതാക്കൾ ഉള്ളതിൽ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഗോപിദാസ്. സംസ്ഥാനത്തു തന്നെ തുല്യതാ പ്ലസ് വൺ പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഇദ്ദേഹം. പ്ലസ് ടു പരീക്ഷ കുടി കഴിഞ്ഞാൽ അഭിഭാഷകനാകണമെന്ന ആഗ്രഹമാണ് ഗോപിദാസിന്. 

Eng­lish Sum­ma­ry: Study addic­tion; Gop­i­das wrote the Plus One Equiv­a­len­cy Exam

You may also like this video

Exit mobile version