ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോണ്‍ വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നുവെന്ന് പ്രമുഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ.പദ്മനാഭ ഷേണായി. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് ഒമിക്രോണിന്റെ രൂപത്തിലെത്തിയ കോവിഡ് മൂന്നാം തരംഗം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്ക് കുറയാന്‍ കാരണമെന്ന് തന്റെ പഠനത്തിലൂടെ കണ്ടെത്തിയതായി ഡോ.ഷേണായി കൊച്ചി ഐ.എം.എ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ആര്‍ത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം എക്‌സലന്‍സില്‍ (കെയര്‍) കോവിഡ് 19 ബാധിച്ചവരോ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവരോ ആയ 2000 പേരില്‍ ഡോ.പദ്മനാഭ ഷേണായിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് പോലുള്ള ഏത് വൈറസ് ബാധയെയും ചെറുക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷിയാണ്. ഏതൊരാള്‍ക്കും പ്രതിരോധശേഷി ലഭിക്കുന്നത് സ്വാഭാവികമായ അണുബാധയിലൂടെയോ വാക്‌സിനേഷനിലൂടെയോ ആണ്. അണുബാധ മുന്‍മ്പ് ഉണ്ടായ ഒരാള്‍ക്ക് വാക്സിനേഷന്‍ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്. കോവിഡ് 19 വരാത്ത ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയേക്കാള്‍ 30 മടങ്ങ് അധിക പ്രതിരോധശേഷി കോവിഡ് വന്നതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരില്‍ ഉള്ളതായി മുമ്പ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇപ്രകാരം അധിക പ്രതിരോധശേഷി കൈവരിച്ചവരെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60% ആളുകള്‍ക്കും, ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള 90% ആളുകള്‍ക്കും യഥാര്‍ത്ഥ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു.
ഡെല്‍റ്റ വകഭേദത്തിലും ഈ കണക്കുകള്‍ ഏതാണ്ട് സമാനമായിരുന്നു. ഈ പഠന റിപ്പോര്‍ട്ട് ലണ്ടനില്‍ നിന്നും പ്രസദ്ധീകരിക്കുന്ന വിഖ്യാതമായ ലാന്‍സെറ്റ് റുമറ്റോളജി ജേണലിന്റെ 2021 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ഷേണായി അറിയിച്ചു. ഘടനയില്‍ ധാരാളം മാറ്റങ്ങളുമായെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ വാക്‌സിനിലൂടെ ലഭ്യമായ പ്രതിരോധശേഷിയും, ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിന് പുതിയ പഠനം നടത്തി. കഴിഞ്ഞ ആഴ്ച്ച പൂര്‍ത്തീകരിച്ച ഈ പഠനത്തിന്റെ ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അസുഖം വരാതെ കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിലൂടെ ഒരാള്‍ കൈവരിച്ച പ്രതിരോധശേഷിക്ക് ഒമിക്രോണിനെ നിര്‍വ്വീര്യമാക്കാന്‍ സാധിക്കുന്നില്ല എന്നാണ്. എന്നാല്‍ കോവിഡ് 19 ബാധിക്കുകയും തുടര്‍ന്ന് ഒരുഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൈവരിച്ചരില്‍ 65 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ വകഭേദത്തെ ഫലപ്രദമായി നിര്‍വീര്യമാക്കാന്‍ സാധിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു പഠനം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കോവിഡിന്റെ രണ്ടാം തരംഗമായ ഡെല്‍റ്റ ഇന്ത്യയിലെ 70 ശതമാനം ആളുകളെയും ബാധിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ അര്‍ഹരായ 95 ശതമാനം ആളുകള്‍ക്കും ഒരുഡോസ് വാക്‌സിനെങ്കിലും കിട്ടിയിട്ടുമുണ്ട്. ഇങ്ങനെ നോക്കുബോള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 75 ശതമാനം പേരും സങ്കര പ്രതിരോധ േശഷി അഥവാ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൈവരിച്ചവരുമാണ്. അതുകൊണ്ടാണ് കോവിഡ് മൂന്നാം തരംഗമായ ഒമിക്രോണ്‍ അമേരിക്ക യൂറോപ്പ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കാത്തതെന്ന് തങ്ങളുടെ പഠനത്തിലൂടെ നിസംശയം തെളിയിക്കാനായെന്ന് ഡോ. ഷേണായി പറഞ്ഞു. കോവിഡ് വന്നതിന് ശേഷം കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ വകഭേദത്തെ നിര്‍വീര്യമാക്കാനുള്ള കഴിവ് എത്രത്തോളമുണ്ട്, കോവിഡ് വന്നവരില്‍ രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിലൂടെ ഒമിക്രോണിനെ നേരിടുന്നതിനായി ഉയര്‍ന്ന പ്രതിരോധശേഷി ലഭിക്കുന്നുണ്ടോ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡോ. ഷേണായി പറഞ്ഞു.
English Summary: Study shows that hybrid immunity effectively neutralizes the omicron virus
You may like this video