Site icon Janayugom Online

സുഭദ്രം

subhadram

എല്ലാം സുഭദ്രം
പുറത്ത് നിന്നു പൂട്ടി
തുറക്കുവാനൊരു
താക്കോലും കരുതി
പുറത്തേക്ക് പോകും നേരം
പറഞ്ഞു വച്ചു ഞാൻ
പ്രിയ ചങ്ങാതികളോട്
തൊടിയിലെ
മുക്കുറ്റി കാശിത്തുമ്പ
വാലാട്ടിപക്ഷി അണ്ണാറക്കണ്ണൻ
ചകോരം ഒറ്റമൈന
ഏവരും സാക്ഷി
അവർ കാക്കും
ഉറക്കത്തിലാഴ്ന്ന കൊച്ചുവീടിനെ
മുറിയ്ക്കുള്ളിലാരുമില്ലെന്ന
തോന്നൽ വേണ്ട
ഉണ്ട്,
പ്രിയപ്പെട്ടവർ അതിനുള്ളിൽ
ഉറക്കം കെടുത്തും ഒട്ടേറെ പേർ
പുറത്ത് നിന്ന് വരുംനേരം
കാൽപെരുമാറ്റമൊന്ന് കേട്ടാൽ മതി
കയറിയൊളിക്കും
പുസ്തകത്താളിൽ.
വർഷങ്ങളുടെ കനം
തീർത്ത് തീർത്ത് ഞാനിപ്പോൾ
ജന്മാന്തര പുണ്യം നേടുന്നത്
അവരിലൂടെ
പൂട്ടി പോകുന്നത്
ആധികൊണ്ട് തന്നെ
പുതിയവർക്കായ്
പണി തീർത്തയിടത്ത് നിന്ന്
കലഹപ്രിയർ ഓടി കയറും
പിന്നെ ചർച്ചയാകും
തെറ്റും ശരിയും ഏറ്റുമുട്ടും
സമാധാനം അതല്ലേ
തമ്മിൽ ഭേദം
സമാന്തരരേഖയിലൂടെയുള്ള യാത്ര
കഠിനം തന്നെ
എല്ലാം എന്റെ കയ്യിൽ സുഭദ്രം

Exit mobile version