Site iconSite icon Janayugom Online

സുഡാൻ സമാധാനത്തിലേക്ക്! വെടി നിർത്തലിന് സമ്മതിച്ച് ആർ എസ് എഫ്

അതിരൂക്ഷമായ മനുഷ്യക്കുരുതി നടന്ന സുഡാനിലെ ആഭ്യന്തര കലാപം താൽക്കാലിക സമാധാനത്തിലേക്ക്. സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കി. അമേരിക്കയും അറബ് രാജ്യങ്ങളും ഉൾപ്പെടെ നൽകിയ നിർദ്ദേശം ആർ എസ് എഫ് അംഗീകരിക്കുകയായിരുന്നു. മനുഷ്യക്കുരുതി എല്ലാ പരിധികളും ലംഘിച്ചതോടെയാണ് സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. എൽ ഫാഷർ നഗരം പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് മാനുഷിക മൂല്യങ്ങൾ പരിഗണിച്ച് താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ആർ എസ് എഫ് അംഗീകരിച്ചത്. ഭക്ഷണമുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ എത്തിക്കാനാണ് ഈ നീക്കം. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ആർ എസ് എഫ് അറിയിച്ചു. 

ആർ എസ് എഫ് നടപടിയെ സൈന്യം സ്വാഗതം ചെയ്തെങ്കിലും, സിവിലിയൻ പ്രദേശങ്ങളിൽ നിന്ന് ആർ എസ് എഫ് പൂർണ്ണമായും പിൻവാങ്ങുകയും ആയുധങ്ങൾ വെച്ച് കീഴടങ്ങുകയും ചെയ്താൽ മാത്രമേ വെടിനിർത്തലിന് സമ്മതിക്കുകയുള്ളൂ എന്ന നിലപാടിലാണ് സൈന്യം. അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും സൈന്യവും തമ്മിൽ നടന്ന അധികാര തർക്കത്തിൽ 150,000ത്തിലധികം ആളുകൾ മരിച്ചെന്നാണ് യു എൻ റിപ്പോർട്ട്. ഏകദേശം 12 ദശലക്ഷം പേർ വീടുകൾ വിട്ട് പലായനം ചെയ്തു. താത്കാലിക വെടിനിർത്തലിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ച ചെയ്യാനുമായി, യു എൻ മനുഷ്യാവകാശ കൗൺസിൽ നവംബർ 14ന് അടിയന്തര യോഗം ചേരും.

Exit mobile version