Site iconSite icon Janayugom Online

സുധാകരനും സതീശനും തമ്മിലടി നിര്‍ത്തണം

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച്, സംസ്ഥാനത്ത് തുടരുന്ന തമ്മിലടി അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അന്ത്യശാസനം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം രൂക്ഷവിമര്‍ശനമാണ് കെ സുധാകരനും വി ഡി സതീശനുമെതിരെ ഉയര്‍ത്തിയത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നത പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ നാണംകെടുത്തുന്നതാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്നാണ് ചില നേതാക്കള്‍ പ്രതികരിച്ചത്. കെപിസിസി ഭാരവാഹികളുടെ യോഗവും യുഡിഎഫ് യോഗവും മത്സരിച്ച് ബഹിഷ്കരിക്കുകയും, രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കുക പോലും ചെയ്യേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം. ഭിന്നതയില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്നും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ‍ഞായറാഴ്ച ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം അവസാനനിമിഷം മാറ്റിവച്ചതിലുള്ള വിമര്‍ശനം ഇന്നലെ യോഗത്തില്‍ ഉന്നയിച്ചില്ലെങ്കിലും, അതുള്‍പ്പെടെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ദീപാദാസ് മുന്‍ഷിയുടെ വിമര്‍ശനം. നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ ചുമതലയില്‍ തുടരില്ലെന്നും അവര്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. നേതാക്കള്‍ ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലും യോഗത്തില്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ തമ്മില്‍ കൂടിയാലോചനകള്‍ ഇല്ലാതായെന്നും, രാഷ്ട്രീയകാര്യസമിതി മാസംതോറും യോഗം ചേരണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

‘മുഖ്യമന്ത്രിസ്ഥാന’ത്തിന് വേണ്ടിയുള്ള അനാവശ്യമായ ചർച്ചകള്‍ക്കെതിരെയും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടി പുനഃസംഘടനയുടെ കാര്യത്തില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പി വി അന്‍വര്‍ മുന്നണി പ്രവേശനത്തിനായി നല്‍കിയ കത്തില്‍ കൂട്ടായ തീരുമാനം വേണമെന്നാണ് നേതാക്കളുടെ നിലപാട്. ഇക്കാര്യത്തില്‍ കെ സുധാകരന് അനുകൂല നിലപാടാണെങ്കിലും, വി ഡി സതീശന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. ഇതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് കെപിസിസി തീരുമാനിച്ചത്. 

Exit mobile version