ഡൽഹിയിലെ വായു ഗുണനിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ നഗരത്തിലെ മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് 384 രേഖപ്പെടുത്തിയതോടെ, ഡൽഹിയിലെ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രേഖപ്പെടുത്തിയത്. മുണ്ട്ക (436), രോഹിണി (432), ജഹാംഗീർപുരി (420), ആനന്ദ് വിഹാർ (408) എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന മലിനീകരണ നിലയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ 39 സ്റ്റേഷനുകളിൽ 19 എണ്ണത്തിലും ഇന്ന് 400ന് മുകളിലാണ് വായു ഗുണനിലവാരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാബി ബാഗ് (417), ആർ കെ പുരം (418), വസീർപൂർ (416), നരേല (407) തുടങ്ങിയ പ്രദേശങ്ങളിലും വായുനില ഗുരുതരമാണ്. നോയിഡയിലും സ്ഥിതി അതീവ ഗുരുതരമാണ്. 404 എന്ന നിലയിലേക്ക് AQI ഉയർന്നതോടെ നോയിഡ ‘ഗുരുതരമായ’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഗ്രേറ്റർ നോയിഡ (377), ഗാസിയാബാദ് (350) എന്നിവിടങ്ങളിലും വായുനില മോശമാണ്. കനത്ത പുകമഞ്ഞ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ 377 എ ക്യു ഐ‑ൽ നിന്ന് ഇന്ന് വായു നിലവാരം കൂടുതൽ ഗുരുതരമായ നിലയിലേക്ക് ഉയർന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ കണക്കനുസരിച്ച്, 401നും 500നും ഇടയിലുള്ള എ ക്യു ഐ ‘ഗുരുതരം’ എന്ന വിഭാഗത്തിലാണ് കണക്കാക്കുന്നത്.

