Site iconSite icon Janayugom Online

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; പ്രിയങ്ക ഗാന്ധി മൗനം വെടിയണം; ബിനോയ് വിശ്വം

കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

മനഃസാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണിത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ പ്രസിഡന്റും എംഎല്‍എയും ഒളിവില്‍ പോയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ ഞെട്ടിക്കുന്ന അഴിമതികളുടെയും വഞ്ചനയുടെയും കഥകളാണ് പാര്‍ട്ടി ജില്ലാ ട്രഷററായിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയിലൂടെ പുറത്തുവന്നത്. അദ്ദേഹം എഴുതിയ കത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നവരാണ് ഇപ്പോള്‍ ഒളിവില്‍ പോയിട്ടുള്ളത്.

താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ സമുന്നത നേതൃത്വത്തിനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപത്തെപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ വയനാടിന്റെ എംപി തയ്യാറായിട്ടില്ല. തലയണയ്ക്കുള്ളില്‍ നോട്ടുകെട്ടുകള്‍ സൂക്ഷിച്ച മുന്‍കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമിന്റെ പാരമ്പര്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ രാഹുല്‍ഗാന്ധി മോചിപ്പിക്കുമെന്ന് വിശ്വസിച്ചവര്‍ ആ പാര്‍ട്ടിയില്‍ ഏറെയുണ്ട്. അവരുടെയെല്ലാം കണ്ണ് തുറപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 

രാഷ്ട്രീയ ധാര്‍മ്മികതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ പ്രിയങ്ക തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 

Exit mobile version