ഉയരുന്ന സംഗീതം, നൃത്തച്ചുവടുകള്‍, മുറുകുന്ന ചെണ്ടമേളങ്ങള്‍, നാസിക് ഡോളിന്റെ പ്രകമ്പനം, മുഷ്ടികള്‍ ആകാശത്തേക്കുയര്‍ന്ന് ദിക്കുപൊട്ടുന്ന മുദ്രാവാക്യങ്ങള്‍… ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍മൊകേരിയുടെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പര്യടനം ഇന്നലെ ജനങ്ങള്‍ ആഘോഷിക്കുകയായിരുന്നു.
പാടിച്ചിറയില്‍ നിന്നായിരുന്നു തുടക്കം. വേരൂര്‍ ആദിവാസി ഊരിലെ നിന്നുള്ളവര്‍ പൂക്കളുമായി കാത്തുനിന്നു. സ്ഥാനാര്‍ത്ഥിയോടൊപ്പം പ്രകടനമായി സ്വീകരണ വേദിയിലേക്ക്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയില്‍ വട്ടംകറക്കുന്ന ജീവിതസാഹചര്യം പങ്കുവയ്ക്കാന്‍ തടിച്ചുകൂടുന്ന കര്‍ഷകരുടെ കൂട്ടം. കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിച്ചിരുന്ന യുഡിഎഫ് ഭരണകാലത്ത് കര്‍ഷകരക്ഷയ്ക്കായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലായി സി കെ ചന്ദ്രപ്പന്റെയും സ്ഥാനാര്‍ത്ഥിയുടെയും നേതൃത്വത്തില്‍ നടത്തിയ ജാഥയുടെ ഫലങ്ങള്‍ ഓര്‍ത്തു പറയുന്നുണ്ടവര്‍. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി വേദിയിലെത്തി ആശംസ നേര്‍ന്നു സീറോ മലബാര്‍ സഭാ പുരോഹിതനായ ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍. കര്‍ഷകഭൂമിയില്‍ കര്‍ഷകര്‍ക്കായി പോരാടുന്നവര്‍ ജനപ്രതിനിധികളാകണമെന്ന ആശംസകളും.
കാപ്പിസെറ്റിലേക്കുള്ള വഴിയില്‍ ചീയമ്പം കോളനി റോഡരികില്‍ ചന്ദ്രോത്ത് ഊരില്‍ നിന്നുള്ള വീട്ടമ്മമാരുടെ കൂട്ടം. സ്ഥാനാര്‍ത്ഥി ഊരിലെത്തണം. അടുത്ത ദിവസമെത്താമെന്ന മറുപടിയില്‍ കൈകൊടുത്തും ചേര്‍ത്തുപിടിച്ചും മുന്നോട്ട്. ഇരുളത്തെത്തുമ്പോള്‍ പൂക്കളുമായി വഴിയോരക്കച്ചവടക്കാര്‍. ഫോട്ടോയ്ക്കുള്ള തിരക്കും. സ്വീകരണകേന്ദ്രങ്ങളില്‍ സമയം വൈകുന്നു, പാര്‍ട്ടി പ്രവര്‍ത്തകര്‍ തിടുക്കം കൂട്ടുന്നു.
കേണിച്ചിറയിലെത്തുമ്പോള്‍ ആദിവാസി സംഗീതത്തിനൊത്ത് ചുവടുകള്‍ വച്ച് യുവതികള്‍. ഒരേ വേഷം, ഒരേ ചുവടുകള്‍, ഒരേ ആവേശം. ചൂതുപാറയില്‍ കുഞ്ഞുങ്ങളടക്കം കാത്തുനില്‍ക്കുന്നു. മീനങ്ങാടിയിലെത്തുമ്പോള്‍ ഉച്ചകഴിഞ്ഞ് രണ്ടുമണി. പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകി. കനത്തവെയിലിലും വലിയ ആള്‍ക്കൂട്ടം. കമാനങ്ങള്‍, ചിഹ്നക്കൊടികള്‍, ബലൂണുകള്‍ രക്തഹാരങ്ങള്‍, ഷാളുകള്‍ എല്ലാം ആകാശത്തുയരുന്നു. കൃഷ്ണഗിരിയും അമ്പലവയലും തോമാട്ടുചാലും സത്യന്‍ മൊകേരിക്ക് വന്‍ വരവേല്പുതന്നെയായിരുന്നു.
ചുള്ളിയോട്, കോളിയാടി എന്നിവടങ്ങളിലെ സ്വീകരണയോഗങ്ങള്‍ കഴിയുമ്പോള്‍ അന്തരീക്ഷത്തില്‍ നനുത്ത തണുപ്പിന്റെ ആവരണം. മലവയലില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യം ആവേശമിരട്ടിയാക്കി. ബിനോയ് വിശ്വം സത്യന്‍ മൊകേരിയെ ആശ്ലേഷത്തോടെയാണ് സ്വീകരിച്ചത്. വേങ്ങൂരും കൈപ്പഞ്ചേരിയും കഴിഞ്ഞ് ബീനാച്ചിയിലെത്തുമ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞു. ചിതറുന്ന വെളിച്ചത്തിന്റെ പ്രഭയില്‍ മാറ്റം ഉറപ്പിച്ച് ജനങ്ങള്‍ സ്ഥനാര്‍ത്ഥിയെ എതിരേറ്റു. പതിറ്റാണ്ടുമുമ്പ് പതിമൂവായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം സത്യന്‍മൊകേരിക്ക് നല്‍കിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കും സഹപ്രവര്‍ത്തകര്‍ക്കും സംശയമില്ല ഇക്കുറി ഇന്നാടിന്റെ ജനകീയ നേതാവ് തന്നെ പാര്‍ലമെന്റില്‍ എത്തും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എന്‍ രാജന്‍, ടി വി ബാലന്‍, മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സി പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ, വിജയന്‍ ചെറുകര, പി കെ മൂർത്തി, വാഴൂർ സോമൻ എംഎൽഎ, വി വി ബേബി, ടി സി ഗോപാലന്‍, കെ ജെ ദേവസ്യ, പി എം ജോയി, എന്‍ പി കുഞ്ഞുമോള്‍ തുടങ്ങിയവരും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.