Site icon Janayugom Online

വേനല്‍മഴയും വെള്ളക്കെട്ടും നെല്‍കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

വേനൽമഴയിലും വെള്ളക്കെട്ടിലും ആയിരക്കണക്കിന് ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ. കൊയ്ത്തിന് പാകമായ നെൽകതിരുകളാണ് നനഞ്ഞ് നശിച്ചത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. അവിടെ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലാണ്. പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ നെല്ല് ചീഞ്ഞു തുടങ്ങി.

കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 1071 ഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചെന്നും 16 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസ് അറിയിച്ചു. വൈക്കം ബ്ലോക്കിൽ 50, മാടപ്പള്ളി 685, ഏറ്റുമാനൂർ 145, കടുത്തുരുത്തി 149 ഹെക്ടർ കൃഷിയാണ് വെള്ളത്തിലായത്.

കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാർ പുത്തൻകരി, വെള്ളാശേരി പാടശേഖരങ്ങളിലായി ഇരുനൂറ്റമ്പതേക്കറിലേറെ സ്ഥലത്തെ നെല്ലാണു മഴ ഭീഷണിയിലായിരിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിൽ 850 ഏക്കർ വരുന്ന തിരുവായ്ക്കരി പാടശേഖരത്തിലെ നെൽകൃഷിയും വേനൽ മഴ ഭീഷണിയിലാണ്.

കൂടുതൽ സ്ഥലങ്ങളിലെ കണക്കുകൾ ശേഖരിച്ചുവരികയാണ്. മഴ തുടർന്നാൽ കൂടുതൽ പാടശേഖരങ്ങളിലെ കൃഷി നശിക്കും. മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്തമഴയിലും കാറ്റിലും ജില്ലയുടെ വിവിധയിടങ്ങളിൽ വ്യാപകനാശം നേരിട്ടു. പല സ്ഥലങ്ങളിലും കൊയ്ത്ത് തുടങ്ങിയ സമയത്താണ് വേനൽമഴ എത്തിയത്.

പാടങ്ങളിൽ വെള്ളംനിറഞ്ഞതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതാണ് കൊയ്ത്ത് വൈകാൻ കാരണമെന്ന് കർഷകർ പറയുന്നു. കുമരകം, അയ്മനം, നീണ്ടൂർ, ആർപ്പൂക്കര പ്രദേശങ്ങളിലും ആയിരക്കണക്കിന് ഏക്കർ കൃഷിയിടം വെള്ളത്തിലാണ്. ഇവിടെയെല്ലാം കോടിക്കണക്കിന് രൂപയുടെ നെൽകൃഷി നശിച്ചു.

മഴ മാറിയാലും കൊയ്ത്ത് യന്ത്രം ഇറക്കാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും വേണ്ടിവരുമെന്നും വീണു കിടക്കുന്ന കതിരിൽ വിത്തുകൾ മുളച്ചുതുടങ്ങിയതിനാൽ കൊയ്താൽ തന്നെ വില കിട്ടില്ലെന്നും ആശങ്കയുണ്ട്.

Eng­lish summary;Summer rains and floods hit pad­dy farm­ers hard

You may also like this video;

Exit mobile version