Site iconSite icon Janayugom Online

ശൂന്യാകാശത്തെ സുനിതാ വിസ്മയം

ഭൂമിയിലാണോ ആകാശത്താണോ ഏറ്റവും കൂടുതൽ പിറന്നാൾ ആഘോഷിച്ചത് എന്ന് ചോദിച്ചാൽ മറുപടിക്കായി സുനിത വില്യംസ് ഒരു നിമിഷം ആലോചിക്കും. കാരണം, കാൽ നൂറ്റാണ്ടിലേറെയായി ബഹിരാകാശ ദൗത്യങ്ങൾക്കൊപ്പം ജീവിക്കുന്ന ഈ ഇന്ത്യൻ വംശജ നാനൂറിലേറെ ദിവസമാണ് ബഹിരാകാശത്ത് ജീവിച്ചത്. ‘നാസ’യുടെ കണക്കുകൂട്ടലിലുണ്ടായ പിഴവ് മൂലം സുനിതക്ക് ഇപ്പോഴും നിലത്തിറങ്ങാനായിട്ടില്ല. ഭൂമിയിൽ നിന്ന് നാനൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ അവരും സഹയാത്രികരും ഇപ്പോഴും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ ബഹിരാകാശത്തെത്തിയ ജൂൺ അഞ്ച് മുതൽ പേടകത്തിൽ നിരന്തരം ഗവേഷണത്തിലാണ് സുനിതയും കൂട്ടരും. 24 വർഷം മുമ്പ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (അമേരിക്കൻ ഏറോ നോട്ടിക്സ് ആന്റ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ) ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷൻ (ഐ എസ് എസ് ) വിക്ഷേപിച്ച നാൾ മുതൽ ഇതുവരെ 241 പേരാണ് അവിടെ ബഹിരാകാശ ദൗത്യങ്ങളുമായി എത്തിയത്. എല്ലാം വിഭിന്ന രാജ്യക്കാർ. ഒടുവിൽ ഈ നിലയത്തിൽ എത്തിയവരാണ് സുനിതയും നാസയിലെ തന്നെ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും. ഇരുവരുമടക്കം ഇപ്പോൾ ഏഴ് പേരാണ് ഈ അന്താരാഷ്ട പേടകത്തിലുള്ളത് . 

ചരിത്രത്തിലേക്ക്
****************
നാസയുടെ ആസൂത്രണം കൃത്യമായി നീങ്ങിയാൽ അടുത്ത വർഷം ഫെബ്രുവരിയിൽ സുനിത വില്യംസ് ഭൂമിയിൽ മടങ്ങിയെത്തും. ചരിത്രത്തിലേക്കുള്ള ഒരു ചുവടുവയ്പ് ആയിരിക്കും അത്. ലോകത്ത് ആദ്യമായി 550 ദിവസത്തിലേറെ ബഹിരാകാശത്ത് ജീവിച്ച ആദ്യ മനുഷ്യൻ, അതും ഒരു വനിത! സുനിതയുടെ നേട്ടത്തിൽ ഇന്ത്യക്കും അഭിമാനിക്കാനേറെയുണ്ട്. ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ. ദീപക്ക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം സ്ലോവേൻ‑അമേരിക്കൻ പൗരത്വമുള്ള ബോണി പാണ്ഡ്യയെ വിവാഹം ചെയ്തു. യുഎസിലെ യൂക്ലിൻ- ഒഹിയോ സിറ്റിയിലാണ് ജനിച്ചതെങ്കിലും മസ്സാച്ചുസെറ്റ്സിലാണ് സുനിത ബാല്യം ചെലവിട്ടത്. 1983 ൽ യു എസ് നേവൽ അക്കാഡമിയിൽ ചേർന്നതോടെ നാസയിലേയ്ക്കുള്ള വഴി തുറന്നു. സബർമതി ആശ്രമം പലവട്ടം സന്ദർശിച്ചിട്ടുള്ള അവർ രണ്ടാം വട്ടം നടത്തിയ യാത്രയിൽ ബഹിരാകാശ നിലയത്തിലേക്ക് ഭഗവത് ഗീതയും ബൈബിളും കൊണ്ടുപോയത് വാർത്തയായിരുന്നു.
യുഎസ് മിലിട്ടറി സർവീസിലുള്ള ഭർത്താവ് മൈക്കൾ ജെ വില്യംസും ഉറ്റ ബന്ധുക്കളും ഫെബ്രുവരി പകുതിവരെ കാത്തിരിക്കേണ്ടിവരും സുനിതയെ കാണാൻ. ബഹിരാകാശ നിലയത്തിൽ നിന്ന് ഉപഗ്രഹ ഫോണിലൂടെ സുനിതയുടെ ആകെയുള്ള ആശയ വിനിമയം വാഷിംഗ്ടണിലെ ‘നാസ’ ആസ്ഥാനത്തേക്കു മാത്രമാണ്. ബഹിരാകാശ നിലയത്തിലെ ദൃശ്യങ്ങളും വിവരങ്ങളുമെല്ലാം നാസയാണ് പുറത്തുവിടുന്നത്. ദ്രവരൂപത്തിലുള്ള ഭക്ഷണം ഒഴികെ എന്തും ബഹിരാകാശ നിലയത്തിൽ കഴിക്കാമെന്ന് സുനിത തന്നെ മുമ്പ് കുറിച്ചിട്ടുണ്ട്. ജലാംശം നീക്കിയ മുട്ട, ഇറച്ചി, പയർ വർഗങ്ങൾ, സമോസ… അങ്ങനെ പലതും. ആവശ്യത്തിന് മാത്രം പുറത്തെടുത്ത് വെള്ളം ചേർത്ത് കഴിക്കും. പൊടി രൂപത്തിൽ ഉള്ളവക്കൊന്നിനും നിലയത്തിൽ പ്രവേശനമില്ല. അവിചാരിതമായി യാത്ര നീണ്ടപ്പോൾ അഞ്ച് മാസത്തേക്കുള്ള ഭക്ഷണവും വഹിച്ചാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം അടുത്തിടെ ബഹിരാകാശ നിലയത്തിൽ എത്തിയത്. 

സുരക്ഷിതം, സുനിതക്ക് സുഖജീവിതം 
*************************************
മിതമായ ഭക്ഷണംപോലെ വ്യായാമവും ബഹിരാകാശ സഞ്ചാരികൾക്ക് നിർബന്ധമാണ്. ദിവസേന രണ്ട് മണിക്കൂർ. മൈക്രോഗ്രാവിറ്റി റേഡിയേഷൻ മൂലം അസ്ഥികൾക്കും പേശികൾക്കും ബലക്കുറവുണ്ടാകുന്നത് തടയാനും കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌ക ഘടന മാറുന്നത് ഒഴിവാക്കുവാനും ഹൃദയാരോഗ്യം വർധിപ്പിക്കുവാനും വ്യായാമമല്ലാതെ മറ്റൊരു പോംവഴിയില്ല. അതിനു വേണ്ടി മാത്രമാണ് നിലയത്തിൽ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. സന്മനസുള്ളവർക്ക് ഭൂമിയിൽ എന്നപോലെ ശൂന്യാകാശത്തും സമാധാന ജീവിതം നയിക്കാനാവുമെന്ന് ജീവിതം കൊണ്ട് സുനിത തെളിയിച്ചിട്ടുണ്ടെങ്കിലും ചില സമാധാനക്കേടുകളുമുണ്ടെന്ന് അവർ പറയുന്നുണ്ട്. മുടി, നഖം ഇവ വളരെവേഗം വളരും, ഗുരുത്വാകർഷണ വ്യത്യാസം മൂലം ത്വക്കിന്റെ ഘടന മാറും. മുഖത്തെ ചുളിവുകളിൽ മാറ്റം വരും. അർബുദത്തിനു കാരണമായേക്കാവുന്ന കോസ്‌മിക്‌ വികിരണത്തിന്റെ പ്രശ്നങ്ങൾ വേറെ. ഭൂമിയിൽ തിരിച്ചെത്തി നാലഞ്ച് മാസം കഴിഞ്ഞാൽ എല്ലാം സാധാരണ നിലയിലാവും. 

ബഹിരാകാശ സഞ്ചാരികൾ പൊതുവെ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായാണ് പലരുടെയും യാത്രകൾ ദിവസങ്ങളോ ആഴ്ചകളോ ആയി ചുരുക്കുന്നത് . സുനിതയെ നാസ വിട്ടത് പോലും വെറും എട്ട് ദിവസത്തേക്കായിരുന്നു. ജൂൺ അഞ്ചിന് ബഹിരാകാശത്തെത്തി 13ന് മടക്കയാത്ര. പക്ഷെ പേടകത്തിലുണ്ടായ ഹീലിയം ചോർച്ചയും അനുബന്ധ തടസങ്ങളും മൂലമാണ് യാത്ര അനിശ്ചിതമായി നീണ്ടത്. നാസയുടെ ശാസ്‌ത്ര, സാങ്കേതിക സംവിധാനങ്ങളെല്ലാം സുനിതയെയും സഹയാത്രികനായ ബുച്ച് വിൽ മോറിനെയും സുരക്ഷിതരായി മടക്കി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ്. സ്‌പേസ് എക്‌സിലൂടെ ഇതിനകം ഭക്ഷണവും വെള്ളവും എത്തിച്ചു. പേടകത്തിന്റെ റിപ്പയറിങ്ങും പൂർത്തിയാക്കി. അവശേഷിച്ച ദൗത്യം കൂടി കഴിഞ്ഞാൽ സുനിതക്ക് ഫെബ്രുവരിയിൽ മടങ്ങാം. 

പേടകത്തിൽ പറന്ന്…പറന്ന്
****************************
മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന പരീക്ഷണ ശാലയാണ് അമേരിക്കയും റഷ്യയുമടക്കം വിവിധ രാജ്യങ്ങൾക്ക് പങ്കാളിത്തമുള്ള ബഹിരാകാശ നിലയം. 400 കിലോമീറ്റർ അകലെയാണെങ്കിലും ഭൂമിയിലെ ദൂരക്കാഴ്ചകൾ സുനിത നന്നായി ആസ്വദിക്കുന്നുണ്ട്. ഓരോരോ രാജ്യങ്ങൾക്ക് മുകളിൽ പേടകം എത്തുമ്പോൾ അത് ഏത് രാജ്യമാണെന്ന് തിരിച്ചറിയുവാനും സുനിതക്ക് കഴിയുമെന്ന് അടുത്തിടെ നാസ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ആറ് സ്ലീപ്പിങ് ക്വാർട്ടേഴ്‌സുകളും രണ്ട് കുളിമുറികളും ഒരു ജിമ്മും അടങ്ങിയതാണ് നിലയം. മല, മൂത്രവിസർജ്യങ്ങൾ പേടകത്തിനകത്തു വീണാൽ പറന്നു നടക്കും എന്നതിനാൽ സൂക്ഷ്മതയോടെ വേണം ടോയ്‌ലറ്റ് ഉപയോഗം. ഗുരുത്വാകർഷണത്തിന്റെ പ്രശ്നമുള്ളതിനാൽ ഓരോരോ മുറികളിലേക്കും നീന്തിക്കയറുന്നതു പോലെയാണ് സഞ്ചാരം. ബഹിരാകാശത്തെ മനുഷ്യ ജീവിതത്തെക്കുറിച്ച് വലിയ തോതിലുള്ള ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ സുനിത മടങ്ങിയാലും ഇതര ഗവേഷകർ ഏറെനാൾ അവിടെ തുടരേണ്ടിവരും. 

ആഘോഷം ഭൂമിയിലും ആകാശത്തും
***********************************
ഒരുലക്ഷം കോടി രൂപ ചിലവിൽ 15 രാജ്യങ്ങൾ സഹകരിച്ച് സ്ഥാപിച്ച ഭീമൻ പരീക്ഷണ ശാലയാണിത്. മനുഷ്യൻ നിർമ്മിച്ചതിൽ ഏറ്റവും വില കൂടിയ വസ്തുവെന്ന സവിശേഷതയും ഈ ബഹിരാകാശ നിലയത്തെ വേറിട്ട് നിർത്തുന്നു. കഴിഞ്ഞ മാസം 19ന് സുനിതയുടെ 59 -ാം പിറന്നാൾ ഭൂമിയിലും ആകാശത്തും ഒരേ സമയമാണ് ആഘോഷിച്ചത്. യൂക്ലിസിലെ വീട്ടിൽ കുടുംബാംഗങ്ങൾ കേക്ക് മുറിച്ചപ്പോൾ ആട്ടവും പാട്ടുമായി ബഹിരാകാശ നിലയത്തിൽ സുനിതയും കൂട്ടുകാരും പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ സമ്മാനമായി മുഹമ്മദ് റാഫിയുടെ ”ബർ ബർ ദിൻ യെ ആയെ…” എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയുടെ ആൽബമാണ് പ്രശസ്ത മ്യൂസിക്ക് കമ്പനിയായ ‘സരിഗമ’ സുനിതക്ക് സമർപ്പിച്ചത്. മുൻപും പലതവണ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ യാത്ര സുനിതക്ക് മാത്രമല്ല, ശാസ്‌ത്ര ലോകത്തിനും അവിസ്മരണീയമായിരിക്കും.

Exit mobile version