നാടിനെ നടുക്കി കൊലപാതകം. അമിതമായ അന്ധവിശ്വാസം മൂലം ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി ഭര്‍ത്താവ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ആണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴല്‍ കിണറിലിടുകയും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുകയുമായിരുന്നു. ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി(28)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
അന്ധവിശ്വാസിയായ ഇയാള്‍ ഭാരതി ആത്മാവ് പുറത്ത് വരുമെന്നും താന്‍ പിടിക്കപ്പെടുമെന്നും വിശ്വസിച്ചു. അതിനാല്‍ വിവിധ പൂജകള്‍ നടത്തുകയും ചെയ്തു. മൃഗബലി അടക്കമുള്ള ആഭിചാര ക്രിയകളും നടത്തി. ഒരു മാസം മുന്‍പ് ഇയാള്‍ തന്നെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഒടുവില്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഭാര്യയെ അടക്കിയ സ്ഥലവും കാണിച്ച് കൊടുത്തു. പ്രതിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

