വിപണി ഇടപെടലില്‍ വീണ്ടും ചരിത്രം കുറിച്ച് സപ്ലെെകോ. റെക്കോഡ് മറികടന്ന് പ്രതിദിന വില്പന ഇന്നലെ 24കോടി രൂപ കടന്നു. ഇന്നലത്തെ ആകെ വില്പന 24,13,30,532 രൂപയാണ്. ഇതോടെ ഓണം സീസണിൽ ആകെ വില്പന 344.48 കോടി രൂപയായി. ആകെ 51,27,551 ഉപഭോക്താക്കളാണ് സപ്ലൈകോയില്‍ നിന്നും വലിയ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിയത്. 2024ൽ ഓണത്തിന് 183 കോടിയുടെ വില്പനയാണുണ്ടായത്. ഇത്തവണ 300 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഓഗസ്റ്റ് മാസം മാത്രം 297.3 കോടി രൂപയുടെ വില്പനയുണ്ടായി.
ഇന്നും നാളെയും സപ്ലൈകോ വില്പനശാലകളിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ. 1500 രൂപയ്ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉല്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

