Site iconSite icon Janayugom Online

നെല്ലിന്റെ താങ്ങുവില: കേന്ദ്രം തരാനുള്ളത് 1077 കോടി: മന്ത്രി പി പ്രസാദ്

നെല്ല് സംഭരിച്ചതിനുള്ള താങ്ങുവില ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 1077.67 കോടി നല്‍കാനുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. നെല്ല് സംഭരിച്ച ഇനത്തില്‍ മില്ലുകള്‍ക്ക് വാഹന ചാര്‍ജായി 2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 257.41 കോടി സപ്ലൈകോയ്ക്ക് മടക്കിനല്‍കാനുണ്ടെന്നും മുരളി പെരുന്നെല്ലിയുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

രാജ്യത്ത് ഏറ്റവും മാതൃകാപരമായി വികേന്ദ്രീകരണ ധാന്യസംഭരണ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കര്‍ഷകരുടെ നെല്ലിന് താങ്ങുവിലയ്ക്കാെപ്പം പ്രോത്സാഹന ബോണസ് കൂടി നല്‍കിയാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്. കേന്ദ്ര സര്‍‍ക്കാര്‍ നെല്ലിന് ക്വിന്റലിന് 2300 രൂപയാണ് നിശ്ചയിച്ചത്. ഉല്പാദനച്ചെലവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഈ തുക വളരെ കുറവാണ്. ദേശീയതലത്തില്‍ മാനദണ്ഡം നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കുന്നതിനാല്‍ നെല്ലിന്റെ ഉല്പാദനച്ചെലവ് കുറവായിട്ടുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് മാത്രമാണ് നേട്ടം ലഭിക്കുന്നത്. ഏകീകൃത താങ്ങുവിലയ്ക്ക് പകരം ഉല്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനാധിഷ്ഠിതമായി താങ്ങുവില നിശ്ചയിക്കണമെന്നും താങ്ങുവില ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.

ഉല്പാദനച്ചെലവ് കണക്കാക്കി കിലോയ്ക്ക് 40 രൂപയായി താങ്ങുവില ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അധിക സാമ്പത്തിക ഭാരം ഉണ്ടാകുന്ന തരത്തില്‍ കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ള പുതിയ നിബന്ധനകള്‍ കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതാണ്. കേന്ദ്രത്തിന്റെ താങ്ങുവില സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പര്യാപ്തമല്ലാത്തതിനാലാണ് താങ്ങുവിലയ്ക്കൊപ്പം സംസ്ഥാന ബോണസ് കൂടി ചേര്‍ത്ത് കിലോയ്ക്ക് 28.32 രൂപയ്ക്ക് നെല്ല് സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്ത ശേഷം മാത്രമാണ് സംസ്ഥാനത്തിന് ചെലവായ തുക കേന്ദ്രം നല്‍കുന്നത്. ഇതിന് മാസങ്ങളുടെ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ബാങ്കുകളുടെ സഹായത്തോടെയും സപ്ലൈകോ ഗ്യാരന്റി നിന്നും കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാകാതെ പലിശ സര്‍ക്കാ‍ര്‍ നല്‍കിയും പിആ‍ര്‍എസ് വായ്പ ലഭ്യമാക്കുന്നത്.

കേന്ദ്ര സര്‍ക്കാ‍ര്‍ വിഹിതം ലഭിക്കുന്ന മുറയ്ക്ക് ഈ വായ്പ തിരിച്ചടയ്ക്കുകയാണ് സപ്ലൈകോ ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version