Site iconSite icon Janayugom Online

എസ്ഐആറില്‍ വീണ്ടും സുപ്രീം കോടതി; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍ ) ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായില്ല. ഇന്നലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിംഫോസ് (എഡിആര്‍ ) ഉള്‍പ്പെടെ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ഇതിനിടെ ഹൈക്കോടതികളില്‍ എസ്ഐആര്‍ സംബന്ധിച്ച കേസുകളില്‍ വാദം കേള്‍ക്കല്‍ മാറ്റിവയ്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. അത് പരിഗണിച്ച് വാദം കേള്‍ക്കല്‍ മാറ്റി വയ്കണമെന്ന് ബെഞ്ച് നിര്‍ദേശം നല്‍കി. തമിഴ്നാട്ടില്‍ എസ്ഐആര്‍ നടപ്പാക്കരുതെന്ന് ഡിഎംകെയും പശ്ചിമ ബംഗാളിലെ നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വോട്ടർമാരെ ഏകപക്ഷീയമായി ഇല്ലാതാക്കാൻ എസ്‌ഐആർ പ്രക്രിയ അനുവദിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണും ബോധിപ്പിച്ചു. എസ്ഐആര്‍ പ്രക്രിയ വഴി ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ ദുർബലപ്പെടുത്താനും സാധ്യതയുണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടി.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഐആര്‍ ആരംഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ അശ്വനി കുമാര്‍ ഉപാധ്യായ വാദിച്ചു. വാദത്തിനിടെ ഫോം ആറില്‍ ആധാര്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അശ്വനി കുമാര്‍ ചുണ്ടിക്കാട്ടി. എന്നാല്‍ ആധാർ ഒരു തിരിച്ചറിയൽ രേഖയാണ്, സ്‌ഐആറിൽ ജാതി സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റോ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കമ്മിഷന് കഴിയുമെങ്കിൽ ആധാറും ഉപയോഗിക്കാമെന്ന് ജസ്റ്റിസ് ജോയ് മല്യ ബഗ്ചി പറഞ്ഞു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ച് കമ്മീഷൻ ബോധവാന്മാരായിരിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു, ബിഹാറിൽ ആവശ്യമായി വരുന്നത് തമിഴ്‌നാട്ടിൽ ആവശ്യമായി വന്നേക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. എഡിആറിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഈമാസം 26 വീണ്ടും ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നും ബെഞ്ച് പറഞ്ഞു.

Exit mobile version