സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത്. സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തേണ്ട ജഡ്ജിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സെപ്റ്റംബര്‍ 30ന് നടന്ന കൊളീജിയം മീറ്റിങ്ങിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തി വച്ചതായി സുപ്രീം കോടതി അറിയിച്ചു. കൊളീജിയം യോഗം നേരിട്ട് നടക്കണമെന്നാണ് ചട്ടം. സെപ്റ്റംബര്‍ 30ന് നടന്ന കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് പങ്കെടുക്കാനായില്ല. രാത്രി ഒമ്പതുവരെ വാദം കേള്‍ക്കല്‍ തുടര്‍ന്ന സാഹചര്യത്തിലാണിത്. തുടര്‍ന്ന് ജസ്റ്റിസുമാരായ രവി ശങ്കര്‍ ഝാ, സഞ്ചയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ വി വിശ്വനാഥന്‍ എന്നിവരെ ജഡ്ജിമാരായി ഉയര്‍ത്തുന്നതിന് കൊളീജിയം അനുമതി തേടി ചീഫ് ജസ്റ്റിസ് കൊളീജിയം അംഗങ്ങള്‍ക്ക് കത്തു നല്‍കി.
സി ജെ നല്‍കിയ നിര്‍ദ്ദേശത്തിന് ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് അനുകൂല മറുപടി നല്‍കി മറപടി നല്‍കിയപ്പോള്‍ നടപടി ക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എസ് അബ്ദുള്‍ നാസറും ഇതിനോടു വിയോജിപ്പ് അറിയിച്ച് സി ജെക്ക് മറുപടി നല്‍കി. തുടര്‍ന്ന് ബദല്‍ മാര്‍ഗ്ഗം എന്തെന്ന് ആരാഞ്ഞ് ഇരു ജസ്റ്റിസുമാര്‍ക്കും സി ജെ വീണ്ടും കത്ത് നല്‍കിയെങ്കിലും ഇരുവരും അതിന് മറുപടി നല്‍കിയില്ല. സെപ്റ്റംബര്‍ 26ന് ചേര്‍ന്ന കൊളീജിയം യോഗത്തില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ പേരിന് കൊളീജിയം ഐകണ്‌ഠേന അംഗീകാരം നല്‍കിയെന്ന് പ്രസ്താവനയിലുണ്ട്. ബാക്കിയുള്ള പത്തു പേരുടെ കാര്യത്തില്‍ അവരുടെ വിധികളും ഒപ്പം കൂടുതല്‍ പരിശോധനകളും വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊളീജിയം സെപ്റ്റംബര്‍ 30ന് യോഗം ചേരാനിരുന്നത്. ഇതിനു ശേഷം കോടതി അവധിയിലുമായിരുന്നു.
ഇതിനിടയില്‍ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാനാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഈ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് തുടര്‍ നടപടികള്‍ കൊളീജിയം വേണ്ടെന്നു വച്ചിരിക്കുന്നത്. അതിനിടെ അടുത്ത ചീഫ് ജസ്റ്റിസായി സാധ്യത കല്പിക്കപ്പെടുന്ന ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ സുപ്രീം കോടതിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ആരോപിച്ചു.
English Summary:Supreme Court Collegium releases statement
You may also like this video