Site icon Janayugom Online

ലഖിംപൂര്‍ കേസ് : യുപി പൊലീസിന്റെ അന്വേഷണം അവസാനിക്കാത്ത കഥയാകരുതെന്ന് സുപ്രിംകോടതി

ല​ഖിം​പു​ര്‍ ഖേരിയില്‍ നാ​ലു ക​ര്‍​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ച്‌ കൊ​ലപ്പെടുത്തിയ കേ​സി​ല്‍ യുപി സര്‍ക്കാറിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ സു​പ്രീം​കോ​ട​തി. കേസില്‍ യു.പി പൊലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ അധ്യക്ഷനായ മൂ​ന്നം​ഗ ബെ​ഞ്ച്​ താക്കീത് ചെയ്തു.

അന്വേഷണം മന്ദഗതി‍യിലാക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിക്കരുതെന്ന് മൂ​ന്നം​ഗ ബെ​ഞ്ച്​ ചൂണ്ടിക്കാട്ടി. കേസിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിന് വേണ്ടി ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ കാത്തിരുന്നുവെന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ വ്യക്തമാക്കി.

യു.പി പൊലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണുള്ളത്. ഇതില്‍ നാലു പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടപ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തത് എന്തു കൊണ്ടാണെന്ന് പരമോന്നത കോടതി ചോദിച്ചു.

ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധിയായതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ വൈകിയതെന്ന് യു.പി സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. അടുത്ത ആഴ്ചക്കകം മുഴുവന്‍ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടണമെന്ന ഹരജി പരിഗണിക്കുന്നത് ഒക്ടോബര്‍ 26ലേക്ക് മാറ്റി. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.പി സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Eng­lish Sum­ma­ry : Supreme court crit­i­cizes up gov­ern­ment inves­ti­ga­tion in lakhim­pur case

You may also like this video:

Exit mobile version