ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഇന്ന് നടക്കാനിരിക്കുന്ന ധർമ സൻസദ് ഹിന്ദു മഹാപഞ്ചായത്തിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ താക്കീത്. ധർമസൻസദിൽ വിദ്വേഷപ്രസംഗങ്ങൾ ഉണ്ടാവരുതെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി കർശന നിർദേശം നല്കി. ‘പ്രതിരോധ നടപടികൾക്ക് വേറെയും മാർഗങ്ങളുണ്ട്. അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാം. വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും’- ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനും അഭയ് ശ്രീനിവാസ് ഓക, സി ടി രവികുമാർ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന ധർമ സൻസദുകളിലെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഖുർബാൻ അലി, മുതിർന്ന അഭിഭാഷകനും മുൻ പാറ്റ്ന ഹൈക്കോടതി ജഡ്ജിയുമായ അഞ്ജന പ്രകാശ് എന്നിവർ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹര്‍ജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബലാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
എന്നാൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കണമെന്ന് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ ജതീന്ദർ കുമാർ സേത്തി കോടതിയോട് അഭ്യർത്ഥിച്ചു. തുടർന്ന് ഏപ്രിൽ 17–19 തീയതികളിലെ ധർമസൻസദിനെക്കുറിച്ച് മെയ് ഏഴിനു മുമ്പ് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ത്രിദിന ധർമ സൻസദിൽ ഹിന്ദുത്വ നേതാക്കൾ മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങൾക്കിടയായ സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും മധ്യപ്രദേശിലും ധർമ സൻസദുകളില്‍ വിദ്വേഷ പ്രസംഗങ്ങൾ തുടർന്നിരുന്നു. സംഘാടകർക്കെതിരെ കേസെടുക്കാൻ പൊലീസ് തുടക്കത്തിൽ തയാറായിരുന്നില്ല.
കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ആഴ്ചകൾക്ക് ശേഷമാണ് സംഘാടകനല്ലാത്ത മുൻ യുപി ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി എന്ന ജിതേന്ദ്ര സിങ് ത്യാഗിക്കെതിരെ കേസെടുത്തത്. അതിന് ശേഷം അറസ്റ്റിലായ മുഖ്യസംഘാടകൻ യതി നരസിംഹാനന്ദ് ജാമ്യത്തിലിറങ്ങിയശേഷവും വിദ്വേഷ പ്രസംഗം തുടരുകയാണ്.
English Summary:Supreme Court in Dharma Sansad; Don’t hate
You may also like this video