Site iconSite icon Janayugom Online

സുപ്രീം കോടതി അഭിഭാഷകനും ചലച്ചിത്ര സംവിധായകനുമായ കെ എ ദേവരാജൻ അന്തരിച്ചു

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും പ്രശസ്തനായ നിയമ വിദഗ്ദ്ധനും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അഡ്വ. കെ എ ദേവരാജൻ (73) കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിലെ വീട്ടിൽ അന്തരിച്ചു. കുറച്ചുകാലം ഇടുക്കിയിൽ ന്യായാധിപനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചിത്രശലഭങ്ങൾ, പൂമഴ, മയിൽപ്പീലി, സ്നേഹപൂർവം, അനുയാനം, ചപ്പാണി, ഗോപുരം, ഗ്രാമത്തിൽ നിന്നുള്ള വണ്ടി, പാവ, പരിഭവം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി. പൂമഴയും ചിത്രശലഭങ്ങളും ഗോപുരവും പാവയും നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. നടി കാവ്യാമാധവൻ ബാലതാരമായി മയിൽപ്പീലിയിലൂടെയും നടൻ സുധീഷ് ബാലതാരമായി പൂമഴയിലൂടെയും വെള്ളിത്തിരയിലെത്തി. മോഹൻലാലിനെ നായകനാക്കി സ്വപ്നമാളിക എന്ന ചിത്രമൊരുക്കിയെങ്കിലും പുറത്തിറങ്ങിയില്ല. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. യുഎസ്എ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായി 28 രാജ്യാന്തര ചലച്ചിത്രമേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1981 ൽ താഴ് വരയെന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്.

ഇന്റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ലണ്ടൻ), സുപ്രീം കോടതി ബാർ അസോസിയേഷൻ (ന്യൂഡൽഹി) എന്നിവയിൽ അംഗത്വം വഹിച്ചു. നാഷണൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം, ദി ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ജുഡീഷ്യറിയിൽ 38 വർഷത്തെ പരിചയസമ്പത്തുള്ള കെ എ ദേവരാജൻ സുപ്രീം കോടതി, കേരള ഹൈക്കോടതി, രാജ്യത്തുടനീളമുള്ള മറ്റ് കോടതികൾ എന്നിവിടങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വദേശിമിത്രൻ പത്രത്തിൽ മാധ്യമ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ. ദേവരാജൻ ഫിലിംസ് ഡിവിഷന്റെ പാനൽ പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചു. പരേതയായ പി ശാന്തയാണ് ഭാര്യ. മക്കൾ: ദിലീപ് രാജ് കെ (സിവിൽ എൻജിനീയർ), അപർണ കെ (അഡ്വക്കറ്റ്). മരുമക്കൾ: അരുണ രാജൻ (സിവിൽ എൻജിനീയർ), ധനേഷ് കെ (അഡ്വക്കറ്റ്).

Exit mobile version