Site iconSite icon Janayugom Online

രാജ്യത്തെ വൃദ്ധസദനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ വൃദ്ധസദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. അന്തേവാസികളുടെ ക്ഷേമം, പെന്‍ഷന്‍, ഓരോ ജില്ലകളിലെയും വൃദ്ധസദനങ്ങളുടെ കണക്ക്, വയോജന പരിചരണത്തിന്റെ നിലവാരം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രക്ഷിതാക്കളുടെ പരിപാലനവും ക്ഷേമവും നടപ്പാക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി രേഖപ്പെടുത്താനും ജസ്റ്റിസുമാരായ അനിരുദ്ധാ ബോസ്, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ കേന്ദ്രം പരിഷ്കരിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഭരണഘടനാ അനുച്ഛേദം 32 പ്രകാരം വയോജനങ്ങളുടെ അവകാശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് മുൻ കേന്ദ്ര നിയമമന്ത്രി ഡോ. അശ്വനി കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

വിഷയത്തില്‍ 2018ലും സുപ്രീം കോടതി സമാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എംഡബ്ല്യുപി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് പ്രചാരണം നല്‍കുന്നതിനും, നിയമത്തിലെ അവകാശങ്ങളെക്കുറിച്ച് മുതിർന്ന പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുമുള്ള ഒരു കർമ്മ പദ്ധതി തയാറാക്കാന്‍ സുപ്രീം കോടതി അന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എംഡബ്ല്യുപി ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. വയോജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭ്യമാക്കുന്നതിനുള്ള ഭരണഘടനാ ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. അവർക്ക് താമസം, മെഡിക്കൽ സൗകര്യങ്ങൾ, പരിചരണം എന്നിവ നൽകുന്നതിന് കേന്ദ്രീകൃതവും കൂടുതൽ ഊർജസ്വലവുമായ ശ്രമങ്ങൾ ആവശ്യമാണെന്നും കോടതി 2018ല്‍ നിരീക്ഷണം നടത്തിയിരുന്നു.

Eng­lish Sum­ma­ry: Supreme Court Seeks Infor­ma­tion From On Old Age Homes In country
You may also like this video

Exit mobile version