ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനായി യുജിസി കൊണ്ടുവന്ന ‘പ്രമോഷൻ ഓഫ് ഇക്വിറ്റി 2026’ ചട്ടങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചട്ടങ്ങളിലെ നിബന്ധനകൾ സമൂഹത്തെ വിഭജിക്കുന്നതാണെന്നും ഭാഷയിൽ വ്യക്തതയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചട്ടങ്ങൾ നടപ്പിലാക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാരിനും യുജിസിക്കും നോട്ടീസ് അയച്ചു.
ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പരാതി നൽകാനുള്ള അവകാശം തടയുന്നതാണ് പുതിയ ചട്ടമെന്ന വിമർശനം കോടതി ശരിവെച്ചു. ചട്ടങ്ങളിലെ രണ്ട് പ്രധാന വകുപ്പുകൾ നിയമപരമായി നിലനിൽക്കുമോ എന്ന് കോടതി വിശദമായി പരിശോധിക്കും. സവർണ്ണ വിഭാഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

