ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ബംഗാള്‍ സ്വദേശിനിയും ഒമ്പത് മാസം ഗര്‍ഭിണിയുമായ സുനാലി ഖാത്തൂണിനെയും അവരുടെ എട്ട് വയസുള്ള മകനെയും തിരികെ കൊണ്ടുവരണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തെ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രം കോടതിയില്‍ ഉറപ്പ് നല്‍കി. നാടു കടത്തി മാസങ്ങൾക്കുള്ളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുൾപ്പെടുന്ന ബെഞ്ചായിരുന്നു വിധി പ്രഖ്യാപിച്ചത്. പശ്ചിമബംഗാൾ സർക്കാരിനോട് ഗർഭിണിയെയും കുഞ്ഞിനെയും പരിരക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വേണ്ട ചികിത്സ സൗജന്യമായി ഉറപ്പാക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫിസറോടും നിർദേശിച്ചു.
ഡൽഹിയിൽ വർഷങ്ങളോളമായി ദിവസക്കൂലിക്ക് ജോലി ചെയ്തു ജീവിച്ചിരുന്നവരാണ് യുവതിയുടെ കുടുംബം. ജൂൺ 18നാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പൊലീസ് ഇവരെ പിടികൂടിയത്. 27ന് അതിർത്തി വഴി നാടു കടത്തി. ഇവരെല്ലാം ഇപ്പോൾ ബംഗ്ലാദേശ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇവരെ നാടു കടത്തുന്നതിനുള്ള കേന്ദ്ര ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാടു കടത്തിയ ആറു പേരെയും തിരിച്ചെത്തിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേ കേന്ദ്രം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്. ഇന്ത്യന്‍ പൗരനായ ഭോഡു ഷെയ‍്ഖിന്റെ മകളാണെന്ന് സുനാലി ഖാത്തൂണ്‍ അവകാശപ്പെടുന്നു. ഭോഡു ഷെയ്ഖിന്റെ പൗരത്വം ചോദ്യം ചെയ്യുന്നില്ലെന്നും സുനാലി അദ്ദേഹത്തിന്റെ മകളാണെങ്കില്‍, പൗരത്വ നിയമപ്രകാരം അവരും കുട്ടികളും രാജ്യത്തെ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ‍്ചി വ്യക്തമാക്കി. അതേസമയം ഇവരുടെ പൗരത്വം ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ കേസ് ഈ മാസം 16ലേക്ക് മാറ്റി.

