Site iconSite icon Janayugom Online

എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി

മെഡിക്കല്‍ കോളജുകളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പാണെന്നും ഇത് അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. പഞ്ചാബ് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഇന്ത്യൻ പൗരന്മാരാണെങ്കിലും വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവരെയാണ് എൻആര്‍ഐ കൊണ്ട് അർത്ഥമാക്കുന്നത്. അവർക്ക് പ്രത്യേകമായി ക്വാട്ടയും അനുവദിക്കപ്പെടാറുണ്ട്. എന്നാൽ പഞ്ചാബ് സർക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനപ്രകാരം മെഡിക്കൽ കോഴ്‌സുകൾക്ക് എൻആർഐകളുടെ അകന്ന ബന്ധുക്കൾ ഉൾപ്പെടെ ക്വാട്ടയ്ക്ക് അർഹരാണ്. ഓഗസ്റ്റ് 20ന് സർക്കാർ കൊണ്ടുവന്ന വിജ്ഞാപനം ഈ മാസം 10ന് പഞ്ചാബ്-ഹരിയാന ഹൈ­ക്കോടതി റദ്ദാക്കി. അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി അപ്പീല്‍ ഹര്‍ജികള്‍ തള്ളി. 

പഞ്ചാബ് സർക്കാരിന്റെ നീക്കത്തെ ‘സമ്പൂർണ വഞ്ചന’ എന്നാണ് പരമോന്നത കോടതി വിശേഷിപ്പിച്ചത്. പണം തട്ടാനുള്ള തന്ത്രമാണ് സർക്കാരിന്റെ വിജ്ഞാപനമെന്നും കോടതി പറഞ്ഞു. എന്‍ആര്‍ഐ ക്വാട്ട അപേക്ഷകരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഈ ക്വാട്ടയില്‍ പ്രവേശനം നേടുന്നവരെക്കാള്‍ മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്വാട്ട വ്യവസായം അവസാനിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാാര്‍ ഇടപെടണമെന്ന് അഭിപ്രായപ്പെട്ട കോടതി ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും നിര്‍ദേശിച്ചു.

Exit mobile version