Site iconSite icon Janayugom Online

സ്ഥലനാമ മാറ്റ ഹര്‍ജി: രാജ്യം കത്തിക്കാനാണോ ഉദ്ദേശ്യമെന്ന് ബിജെപി നേതാവിനോട് സുപ്രീം കോടതി

ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയ്ക്ക് സുപ്രീം കോടതി രൂക്ഷ വിമർശനം. ഹര്‍ജി തള്ളിയ ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച്, ഉപാധ്യായയോട് ഇത്തരം ഹരജികൾ സമർപ്പിച്ച് രാജ്യം കത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും ചോദിച്ചു. “ഇത് ഒരു സ്ഥിരവിഷയമായി നിലനിർത്താനും രാജ്യത്തെ തിളപ്പിക്കാനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? എന്തിനാണ് ഒരു പ്രത്യേക സമൂഹത്തിന് നേരെ വിരലുകൾ ചൂണ്ടുന്നത്?. നിങ്ങൾ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ഓടിക്കുകയാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഇതൊരു മതേതര വേദിയാണ്”, ജസ്റ്റിസ് ജോസഫ് പറഞ്ഞു. “ഹിന്ദുത്വം ഒരു ജീവിതരീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരെയും സ്വാംശീകരിച്ചത്. അതുകൊണ്ടാണ് നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക നയം നമ്മുടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചു. നമ്മൾ അതിലേക്കുതന്നെ തിരിഞ്ഞു സഞ്ചരിക്കരുത്”. ജസ്റ്റിസ് നാഗരത്നയും പറഞ്ഞു.

ഹർജിയിൽ ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചു. വേദങ്ങളിലും പുരാണങ്ങളിലും പരാമർശിച്ചിരിക്കുന്ന നിരവധി ചരിത്ര സ്ഥലങ്ങൾ ഇപ്പോൾ “വിദേശ കൊള്ളക്കാരുടെ” പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു ഉപാധ്യായ സമർപ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചത്. “ലോധി, ഗസ്‌നി, ഘോരി എന്നിവർക്ക് ശേഷം നമുക്ക് റോഡുകളുണ്ട്… പാണ്ഡവരുടെ പേരിൽ ഒരൊറ്റ റോഡില്ല, ഇന്ദ്രപ്രസ്ഥം നിർമ്മിച്ചത് യുധിഷ്ടിരാണെങ്കിലും… നഗരം കൊള്ളയടിച്ചയാളുടെ പേരിലാണ് ഫരീദാബാദ്”, ഉപാധ്യായ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആക്ഷേപിക്കുന്നു. ഔറംഗസേബ്, ലോധി, ഗസ്‌നി തുടങ്ങിയവർക്ക് ഇന്ത്യയുമായി എന്താണ് ബന്ധം എന്നും ബിജെപി നേതാവായ അഭിഭാഷകന്‍ ചോദിച്ചു.

മതപരമായ ആരാധനകൾക്ക് റോഡുമായി ബന്ധമില്ലെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. മുഗൾ ചക്രവർത്തി അക്ബർ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടിരുന്നതായും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. “ഇതൊരു ചരിത്ര വസ്തുതയാണ്. ചരിത്രത്തിൽ നിന്നുള്ള അധിനിവേശം നിങ്ങൾക്ക് ആഗ്രഹിക്കാമോ? ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. ഇത്തരം നിവേദനങ്ങൾ കൊണ്ട് സമൂഹത്തെ തകർക്കരുത്, ദയവായി രാജ്യത്തെ മനസിൽ പ്രതിഷ്ഠിക്കണം. രാജ്യം ഏതെങ്കിലും മതമല്ല” ജസ്റ്റിസ് നാഗരത്‌ന ഹർജിക്കാരനോട് പറഞ്ഞു, “ഹിന്ദുമതത്തിൽ മതഭ്രാന്ത് ഇല്ല”. ഹിന്ദുമതത്തിന് മഹത്തായ പാരമ്പര്യമുണ്ടെന്നും അതിനെ നിസാരവത്കരിക്കരുത്. ആധ്യാത്മികതയുടെ കാര്യത്തിൽ ഹിന്ദുമതമാണ് ഏറ്റവും മഹത്തായ മതം. ഉപനിഷത്തുകളിലും വേദങ്ങളിലും ഭഗവദ് ഗീതയിലും ഹിന്ദുമതം പുലർത്തുന്ന ഔന്നത്യം ഒരു വ്യവസ്ഥിതിയിലും തുല്യമല്ല. അതിൽ നാം അഭിമാനിക്കണം. ദയവുചെയ്ത് അതിനെ ചെറുതാക്കരുത്. നമ്മുടെ മഹത്വം നാം മനസ്സിലാക്കണം. നമ്മുടെ മഹത്വം നമ്മളെ മഹത്വമുള്ളവരായി നയിക്കണം, താൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ തനിക്ക് ഹിന്ദുമതത്തോട് ഒരുപോലെ ഇഷ്ടമാണ്, അത് പഠിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഡോ. എസ് രാധാകൃഷ്ണന്റെ കൃതികൾ നിങ്ങൾ വായിക്കണം” ജസ്റ്റിസ് ജോസഫ് ഹര്‍ജിക്കാരനോട് പറഞ്ഞു. കേരളത്തിൽ ഹിന്ദുരാജാക്കന്മാർ പള്ളികൾക്കായി ഭൂമി ദാനം ചെയ്തതിന്റെ ഉദാഹരണങ്ങളുണ്ടെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. അതാണ് ഇന്ത്യയുടെ ചരിത്രം. ദയവായി അത് മനസിലാക്കാനും ബിജെപി നേതാവിനോട് ജസ്റ്റിസ് ജോസഫ് പറഞ്ഞു.

ഇത്തരം സ്വഭാവം കാരണം നിരവധി ചരിത്ര സ്ഥലങ്ങളിൽ നിന്ന് ഹിന്ദുക്കൾ തുടച്ചുനീക്കപ്പെട്ടു എന്ന് ഉപാധ്യായ മറുപടി നൽകി. പല സംസ്ഥാനങ്ങളിലും ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ഉപാധ്യായ പറഞ്ഞു. ഇന്ത്യയുടെ പുനർനാമകരണ കമ്മീഷൻ രൂപീകരിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. പുരാതന ചരിത്ര സാംസ്കാരിക മത സ്ഥലങ്ങളുടെ പ്രാരംഭ നാമങ്ങൾ ഗവേഷണം നടത്താനും പ്രസിദ്ധീകരിക്കാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

 

Eng­lish Sam­mury: Supreme Court Dis­miss­es BJP leader and advo­cate Ash­wi­ni Upad­hyay’s Plea To Rename Cities
Exit mobile version