പാലക്കാട് ബിജെപിക്ക് ജയിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോ ശോഭാസുരേന്ദ്രനോ മത്സരിക്കണമായിരുന്നുവെന്നും കൃഷ്ണകുമാർ തോറ്റാൽ തന്റെ തലയിൽ കെട്ടിവെക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ബിജെപി നേതാവ് സന്ദീപ് വാരിയർ പറഞ്ഞു. അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു.സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്.തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാരിയർ പറഞ്ഞു.
കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ് ഞാൻ. ഉന്നയിച്ച വിഷയങ്ങളിൽ ഞാൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല. എന്റെ മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നു. പാലക്കാട് പ്രചാരണത്തിനായി പോകില്ലെന്നും സന്ദീപ് വാരിയർ പറഞ്ഞു.